മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിക്കാമെന്ന സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മുംബൈ വാഖഡെയില്‍ ജനുവരി 14-ന് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നതിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമത്സരത്തില്‍ ഓപ്പണർമാരായ രോഹിത് ശർമ, ശിഖർധവാന്‍, കെഎല്‍ രാഹുല്‍ എന്നിവർ ഒരുമിച്ച് ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് കോലി പറഞ്ഞു. മൂന്ന് പേരും ഒരു മത്സരത്തില്‍ ബാറ്റേന്തുന്നത് ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണ്. ഒരു കലണ്ടർ വർഷം ഓപ്പണറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രോഹിത് ശർമയുടെ സാന്നിധ്യം ടീം ഇന്ത്യക്ക് മൂന്ന് വിധത്തിലുള്ള ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിതരും. ട്വന്‍റി-20 മത്സരങ്ങളില്‍ രാഹുലിന്‍റെയും ധവാന്‍റെയും സാന്നിധ്യം ടീം ഇന്ത്യയുെട ഓപ്പണിങ് കൂട്ടുകെട്ട് കൂടുതല്‍ ശക്തമാക്കും. പരിക്കില്‍ നിന്നും മുക്തനായി ടീമില്‍ തിരിച്ചെത്തിയ ധവാന്‍ നേരത്തെ ശ്രീലങ്കക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലായി 32 റണ്‍സും അർധ സെഞ്ച്വറിയോടെ 52 റണ്‍സും എടുത്ത് തിളങ്ങിയിരുന്നു.
അതേസമയം മൂന്ന് ഓപ്പണർമാർ ഒരേസമയം ബാറ്റേന്തുമ്പോൾ സ്വന്തം ബാറ്റിങ് ഓർഡറിനെ കുറിച്ച് ആശങ്കയില്ലെന്നും കോലി പറഞ്ഞു. എവിടെ ബാറ്റ് ചെയ്യണമെന്ന കാര്യം തന്നെ അലട്ടുന്നില്ല. നായകനെന്ന നിലയില്‍ ടീമിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും വിരാട് കോലി പറഞ്ഞു. നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ ഓസിസിനെതിരെ ഏകദിന പരമ്പര കളിച്ചത്. അന്ന് 3-2 ന് ഇന്ത്യക്ക് പരമ്പര നഷ്‌ടമായിരുന്നു.