ചെന്നൈ: എന്തുകൊണ്ടാണ് ടീം മാനേജ്മെന്‍റും സെലക്‌ടർമാരും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ പിന്തുണക്കുന്നതെന്ന വിഷയത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോർ. ചെന്നൈയില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുല്യമായ കഴിവുള്ളതിനാലാണ് ഋഷഭ് പന്ത് നിരന്തരം ചർച്ചാ വിഷയമാകുന്നത്. റണ്ണെടുക്കാന്‍ ആരംഭിച്ചാല്‍ ഋഷഭ് വമ്പന്‍ പ്ലയറാണ്. ഇന്ത്യയുടേത് പോലെ എതൊരു ടീമിന്‍റെയും അവിഭാജ്യ ഘടകമാകാന്‍ അദ്ദേഹത്തിന് സാധിക്കും. മികച്ച കളിക്കാരനായതിനാലാണ് അദ്ദേഹത്തെ ടീം മാനേജ്മെന്‍റും സെലക്‌ടർമാരും പിന്തുണക്കുന്നതെന്നും ആ വിശ്വാസമാണ് തനിക്കുമുള്ളതെന്നും റാത്തോർ കൂട്ടിചേർത്തു.
ആദ്യം ബാറ്റ് ചെയ്യുന്ന അവസരങ്ങളില്‍ ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ ടീമാണ്. സ്‌കോർ പ്രതിരോധിച്ച് കളിക്കുമ്പോഴാണ് ഇന്ത്യന്‍ ടീം പ്രതിസന്ധിയിലാകുന്നത്. നേരത്തെ വിന്‍റീസിനെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്‌കോർ പിന്തുടർന്ന് കളിച്ച് വിജയിച്ചു. അതേസമയം തിരുവനന്തപുരത്ത് നടന്ന രണ്ടാമത്തെ മത്സരത്തില്‍ സ്കോർ പ്രതിരോധിച്ചു കളിക്കുന്ന കാര്യത്തില്‍ ടീം പരാജയപെട്ടു. അതേസമയം അവസാന മത്സരത്തില്‍ 240 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം ഉയർത്തി കളിച്ച കോലിയും കൂട്ടരും 67 റണ്‍സിന്‍റെ വിജയം കൈപ്പിയിലൊതുക്കി. ഈ മുന്നേറ്റം നിലനിർത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് നാളെ ചൈന്നൈയില്‍ തുടക്കമാകും.