കിങ്സ്റ്റൺ: വിക്കറ്റിന് പിന്നില്‍ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമി താൻ തന്നെയാണ് വീണ്ടും തെളിയിച്ചിരിക്കുകയാണ് യുവതാരം റിഷഭ് പന്ത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ധോണിയുടെ റെക്കോഡ് മറികടന്നിരിക്കുകയാണ് പന്ത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 പേരെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്.
വെറും 11 ടെസ്റ്റുകളില്‍ നിന്നാണ് പന്തിന്‍റെ നേട്ടം. ധോണി 15 ടെസ്റ്റുകളില്‍ നിന്നാണ് 50 പേരെ പുറത്താക്കിയത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ കീപ്പർമാരുടെ പട്ടികയില്‍ ആദം ഗില്‍ക്രിസ്റ്റിനൊപ്പം രണ്ടാമനാകാനും പന്തിനായി. പത്ത് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിച്ച മാർക്ക് ബൗച്ചർ, ജോസ് ബട്‌ലർ, ടിം പെയ്‌ൻ എന്നിവരാണ് ഒന്നാമത്. വിൻഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ എട്ട് ക്യാച്ചുകൾ പന്ത് സ്വന്തമാക്കി കഴിഞ്ഞു. ഇന്നലെ വെസ്റ്റ് ഇൻഡീസിന്‍റെ രണ്ടാം ഇന്നിങ്സില്‍ ഇഷാന്ത് ശർമ്മയുടെ ബൗളിങില്‍ ബ്രാത്‌വെയ്റ്റിനെ പുറത്താക്കിയതോടെയാണ് പന്ത് ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതില്‍ 48 പേരെയും ക്യാച്ചിലൂടെയാണ് പന്ത് പുറത്താക്കിയത്. ബാക്കി രണ്ടെണ്ണം സ്റ്റംപിങിലൂടെയും.
മഹേന്ദ്ര സിങ് ധോണിക്ക് ശേഷം മൂന്ന് ഫോർമാറ്റുകളിലും വിക്കറ്റ് കീപ്പറാകാൻ യോഗ്യനായ താരത്തിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിന്‍റെ അന്വേഷണം ഇതോടെ പന്തില്‍ എത്തിനില്‍ക്കുകയാണ്. ഭാവി വാഗ്ദാനമെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോലി പന്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്.