അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോലി. രാഹുല്‍ 'ചാമ്പ്യൻ പ്ലയര്‍ ' ആണെന്നും ടീമിലെ പ്രധാന കളിക്കാരിലൊരാളായി തുടരുമെന്നും കോലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുലിനെ പിന്തുണച്ച് കോലിയെത്തിയത്.
പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ 1,0,0 എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ സ്കോര്‍. തുടര്‍ച്ചയായി പരാജയപ്പെടുന്ന രാഹുലിന് വീണ്ടും അവസരം നല്‍കിയതിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് കോലിയുടെ പ്രതികരണം.
'' കെഎല്‍ രാഹുല്‍ ഒരു ചാമ്പ്യന്‍ പ്ലയറാണ്. ടീമില്‍ പ്രധാന പോരാളികളിൽ ഒരാളായി ടോപ്പോഡറില്‍ രോഹിത്തിനോടൊപ്പം തുടരും. ഈ ഫോര്‍മാറ്റില്‍ ഇത് ഒരു അഞ്ചോ-ആറോ ബോളുകളുടെ കാര്യമാണ്'' കോലി പറഞ്ഞു. ന്യൂ ബോളില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ മികച്ച രീതിയില്‍ കളിച്ചുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.
മൂന്നാം ടി20യില്‍ എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ 18.2 ഓവറില്‍ 158 റണ്‍സെടുത്ത് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.