ലാഹോർ: പാകിസ്ഥാന് സൂപ്പർ ലീഗില്‍ ഫ്രാഞ്ചൈസികൾ വില്ക്കാന് നീക്കം നടക്കുന്നതായി മുന്‍ പാക് ബൗളർ ഷുഹൈബ് അക്തർ. കൊവിഡ് 19 പശ്ചാത്തലത്തില്‍ പിഎസ്എല്ലിന്റെ ഭാവി ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. പല ഫ്രാഞ്ചൈസികളും വില്ക്കാന് ഉടമകൾ ഒരുങ്ങുകയാണ്. ഇതിനായി പലരും ഉടമകളെ സമീപിച്ചിട്ടുണ്ട്. മത്സരം പുനരാരംഭിക്കാന്‍ 18 മാസത്തോളം എടുത്തേക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോർഡിന് ഫ്രാഞ്ചൈസികളില്‍ നിന്നും പണം ആവശ്യപെടാന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അക്തർ പറഞ്ഞു. അതേസമയം പാകിസ്ഥാന് സൂപ്പർ ലീഗ് സജീവമായി നിലനിർത്താന്‍ തന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകുമെന്നും അക്തർ കൂട്ടിച്ചേർത്തു. ഇതിനായി സാമ്പത്തികമായും അല്ലാതെയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 കാരണം പിഎസ്എല്‍ മത്സരങ്ങൾ മാർച്ച് മാസം മുതല്‍ അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്. പിഎസ്എല്‍ മാത്രമല്ല മറ്റ് ആഭ്യന്തര ക്രിക്കറ്റ് ലീഗുകളെയും കൊവിഡ് 19 പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ 13-ാം സീസണും അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്. വൈറസ് ബാധയെ തുടർന്ന് ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പും അനിശ്ചിതത്വത്തിലാണ്.