കറാച്ചി: അണ്ടർ-19 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സംഘത്തില്‍ നിന്നും പേസ് ബോളർ നസീം ഷായെ പിന്‍വലിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റേതാണ് നടപടി. താരത്തിന് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മാറ്റുരക്കാന്‍ സമയമായെന്ന വിശദീകരണമാണ് ഇതുസംബന്ധിച്ച് ബോർഡ് നല്‍കുന്നത്. നേരത്തെ ശ്രീലങ്കക്ക് എതിരായ ടെസ്‌റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം പാക് താരം സ്വന്തമാക്കിയിരുന്നു.
ശ്രീലങ്കക്ക് എതിരായ പരമ്പരയില്‍ കറാച്ചിയില്‍ നടന്ന രണ്ടാം ടെസ്‌റ്റിലാണ് നസീം ഈ നേട്ടം സ്വന്തമാക്കിയത്. ഇതേ തുടർന്നാണ് പാകിസ്ഥാന്‍ ടീമിന്‍റെ മുഖ്യപരിശീലകന്‍ മിസ്ബാ ഉൾഹക്ക് താരത്തെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചത്. കഴിഞ്ഞ നവംബറില്‍ പാകിസ്ഥാന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് താരം പ്രഥമ ടെസ്‌റ്റ് മത്സരം കളിക്കുന്നത്. ഇതിനകം ഏഴ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി താരം 11 വിക്കറ്റുകൾ സ്വന്തമാക്കി.
നസീമിന് പകരം മുഹമ്മദ് വാസിം ജൂനിയറിനെ അണ്ടർ-19 ടീമില്‍ ഉൾപ്പെടുത്തും. മാറ്റം പാകിസ്ഥാന്‍റെ അണ്ടർ-19 ലോകകപ്പിനുള്ള ടീമിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പിസിബി സിഇഒ വസീം ഷാ പറഞ്ഞു. ജനുവരി 17 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ ദക്ഷിണാഫ്രിക്കയിലാണ് ലോകകപ്പ്.
2004-ലും 2006-ലും പാകിസ്ഥാനായിരുന്നു കിരീടം. മൂന്ന് തവണ റണ്ണറപ്പായി. ഇത്തവണ ഗ്രൂപ്പ് സിയില്‍ ഉൾപ്പെട്ട പാകിസ്ഥാന്‍റെ ആദ്യ മത്സരം സ്‌ക്വാട്‌ലാന്‍ഡിനെതിരെ ഈ മാസം 19-ന് നടക്കും. നേരത്തെ നസീമിനെ പാകിസ്ഥാന്‍റെ ലോകകപ്പ് ടീമില്‍ വേണമെന്ന് അണ്ടർ-19 ടീമിന്‍റെ പരിശീലകന്‍ ഇജാസ് അഹമ്മദ് ആവശ്യപെട്ടിരുന്നു.