മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ കരിയറുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണർ വീരേന്ദര്‍ സേവാഗ്. ടെസ്റ്റ് മത്സരങ്ങളിലെ തന്‍റെ സമീപനങ്ങളില്‍ മാറ്റം വരുത്തിയത് മുന്‍ ഇന്ത്യന്‍ നായകന്‍ മന്‍സൂർ അലി ഖാന്‍ പട്ടൗഡിയാണെന്ന് സേവാഗ് പറഞ്ഞു. മുംബൈയില്‍ നടന്ന ബിസിസിഐ വാർഷികത്തില്‍ ടൈഗർ പട്ടൗഡി അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു സേവാഗ്. പട്ടൗഡിയുടെ ഉപദേശത്തിന് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് സേവാഗ് പറഞ്ഞു.
അനുസ്‌മരണ പ്രഭാഷണത്തില്‍ ഗാംഗുലിയെ പ്രശംസിക്കാനും സേവാഗ് മറന്നില്ല. നായകന്‍ എന്ന നിലയില്‍ ഗാംഗുലിയാണ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓപ്പണറാക്കിയത്. ഇന്ന് അദ്ദേഹം ബിസിസഐയുടെ തലപ്പത്താണ്. ഗാംഗുലി എന്നും നേതാവിന്‍റെ ഗുണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രിയം ഗാർഡിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ അണ്ടർ-19 ടീമും കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയും ലോകകപ്പ് ഉയർത്തുമെന്ന പ്രതീക്ഷയും വീരേന്ദര്‍ സേവാഗ് പങ്കുവച്ചു. അണ്ടർ-19 ലോകകപ്പിന് ദക്ഷിണാഫ്രിക്കയും ട്വന്‍റി-20 ലോകകപ്പിന് ഓസ്‌ട്രേലിയയുമാണ് വേദിയാവുക. 104 ടെസ്റ്റ് മത്സരങ്ങളും 251 ഏകദിനങ്ങളും 19 ട്വന്‍റി-20 മത്സരങ്ങളുമാണ് വീരേന്ദര്‍ സേവാഗ് തന്‍റെ കരിയറില്‍ കളിച്ചത്.