മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഈ വർഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ്. 59 ടെസ്റ്റ് വിക്കറ്റുകളാണ് താരം ഈ വർഷം സ്വന്തമാക്കിയത്. മെല്‍ബണില്‍ ന്യൂസിലാന്‍റിനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലാണ് കമ്മിന്‍സ് ഈ വർഷം അവസാനം കളിച്ചത്. മെല്‍ബണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ കമ്മിന്‍സ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ രണ്ടാം ഇന്നിങ്സില്‍ കമ്മിന്‍സ് വിക്കറ്റൊന്നും നേടിയില്ല. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ തന്നെ ബൗളര്‍ നാഥന്‍ ലിയോണിന്‍റെ അക്കൗണ്ടില്‍ കമ്മിന്‍സിനേക്കാൾ 14 വിക്കറ്റുകൾ കുറവാണ്.
എല്ലാ ഫോർമാറ്റിലുമായി കൂടുതല്‍ വിക്കറ്റുകൾ സ്വന്തമാക്കിയ താരമെന്ന നേട്ടവും കമ്മിന്‍സിന്‍റെ പേരിലാണ്. 99 വിക്കറ്റുകളാണ് താരം ഈ കലണ്ടർ വർഷം സ്വന്തമാക്കിയത്. ടെസ്റ്റ് മത്സരത്തിലെ 59 വിക്കറ്റുകൾ കൂടാതെ ഏകദിന മത്സരങ്ങളില്‍ നിന്നും 31 വിക്കറ്റുകളും ട്വന്‍റി-20 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകളും താരം സ്വന്തമാക്കി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിയാണ്. 30 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും ഷമി 77 വിക്കറ്റുകൾ സ്വന്തമാക്കി. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 59 വിക്കറ്റുകളും ഏകദിന മത്സരങ്ങളില്‍ നിന്നും 31 വിക്കറ്റുകളും ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളുമാണ് ഈ കലണ്ടർ വർഷം ഷമിയുടെ അക്കൗണ്ടിലുള്ളത്.
മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റ് വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. നേരത്തെ പെർത്തില്‍ നടന്ന ആദ്യ ടെസ്റ്റിലും ഓസിസ് 296 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. അടുത്ത മാസം മൂന്നിന് സിഡ്‌നിയിലാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ആരംഭിക്കുക.