മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് അറിഞ്ഞ് ഞെട്ടിപ്പോയെന്നും പിടിപ്പുകേടാണ് ഇതിന് കാരണമെന്നും ഉസ്‌മാന്‍ ഖവാജ. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്‌ടില്‍ നിന്നും ഒഴിവാക്കപെട്ട പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ഓസിസ് ബാറ്റ്സ്‌മാന്‍. താന്‍ ഞെട്ടി പോയെന്ന് ഉസ്‌മാന്‍ ഖവാജ പറഞ്ഞു. കാരണം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്ന വരുമാനം ഇപ്പോഴും വളരെ വലുതാണെന്ന് എനിക്കറിയാം. ഇന്ത്യയുമായുള്ള മത്സരങ്ങളില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത് നിലനില്‍ക്കുന്നത്.
ഇത് അല്‍പ്പം ആശങ്കയുണ്ടാക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും എന്‍റെ പക്കലില്ല. പണം ആവശ്യത്തിന് ലഭ്യമാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. എവിടെയോ ചില പിടിപ്പുകേടുകളുണ്ട്.
നേരത്തെ ഖവാജയെ സെന്‍ട്രല്‍ കോണ്‍ട്രാക്‌ടില്‍ നിന്നും ഒഴിവാക്കിയ നടപടിയെ വിമർശിച്ച് അലന്‍ ബോർഡറും മുന്‍ ഓസിസ് നായകന്‍ മൈക്കിൾ ക്ലാർക്കും രംഗത്ത് വന്നിരുന്നു. ഖവാജക്ക് പുറമെ ഷോണ്‍ മാർഷ് പീറ്റർ ഹാന്‍ഡ്‌സ്കോംബ്, മാർക്കസ് സ്റ്റോയിനസ്, നാഥന്‍ കൂൾട്ടർനൈല്‍, മാർക്വസ് ഹാരിസ് എന്നിവരാണ് ഒഴിവാക്കപെട്ട മറ്റ് താരങ്ങൾ.