ക്രൈസ്റ്റ് ചർച്ച്; മൂന്ന് ദിവസം കൊണ്ട് രണ്ടാം ടെസ്റ്റും അടിയറ വെച്ച ടീം ഇന്ത്യയ്ക്ക് ന്യൂസിലൻഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും സമ്പൂർണ പരാജയം. ക്രൈസ്റ്റ് ചർച്ചില്‍ ഇന്ത്യ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി ന്യൂസിലൻഡ് മറികടന്നു. ഓപ്പണർമാരായ ടോം ലാഥവും ടോം ബ്ലണ്ടലും നേടിയ അർദ്ധ സെഞ്ച്വറികളാണ് കിവീസിന് ഏഴ് വിക്കറ്റിന്‍റെ അനായാസ ജയമൊരുക്കിയത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങിന് അയച്ച കിവീസ് നായകൻ കെയ്‌ൻ വില്യംസണിന്‍റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനം കിവീസ് ബൗളർമാർ പുറത്തെടുത്തതോടെയാണ് ഇന്ത്യ സമ്പൂർണ തോല്‍വിയിലേക്ക് നീങ്ങിയത്. ഇന്ത്യ ഒന്നാംഇന്നിംഗ്സില്‍ 242 റൺസെടുത്തിരുന്നു. പൃഥ്വി ഷാ, ചേതേശ്വർ പുജാര, ഹനുമ വിഹാരി എന്നിവരുടെ അർധ സെഞ്ച്വറികൾ മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസമായിരുന്നത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പിന്തുടർന്ന കിവീസിനെ ഇന്ത്യ 235 റൺസിന് എറിഞ്ഞിട്ടു. ഏഴ് റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യയുടെ തകർച്ച അതിവേഗത്തിലായിരുന്നു. 124 റൺസിന് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. 24 റൺസെടുത്ത ചേതേശ്വർ പുജാരയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. രണ്ട് ഇന്നിംഗ്സിലുമായി ട്രെന്‍റ് ബോൾട്ട് ആറ് വിക്കറ്റ് വീഴ്ത്തി. സൗത്തി രണ്ടിംഗ്സിലുമായി അഞ്ച് വിക്കറ്റ് നേടിയപ്പോൾ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റും 49 റൺസും നേടിയ ജാമിസണിന്‍റെ പ്രകടനം നിർണായകമായി. കളിയിലെ കേമനും കെയ്‌ല്‍ ജാമിസണാണ്. നേരത്തെ വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലൻഡ് പത്ത് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ടിം സൗത്തിയാണ് പരമ്പരയിലെ താരം. സമ്പൂർണ പരമ്പര ജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 120 പോയിന്‍റുകൾ നേടിയ ന്യൂസിലൻഡ് ഐസിസി ടെസ്റ്റ് റാങ്കിങില്‍ രണ്ടാമതായി. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും പിന്നീട് നടന്ന ഏകദിന പരമ്പര (3-0)ത്തിന് ന്യൂസിലൻഡ് ജയിച്ചിരുന്നു.