ചെന്നൈ: ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറാവുകയെന്നതാണ് തന്‍റെ സ്വപ്‌നമെന്ന് പേസര്‍ മുഹമ്മദ് സിറാജ്. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ആഗ്രഹമുണ്ട്. രണ്ട് കയ്യും നീട്ടി അവസരങ്ങളെ സ്വീകരിച്ച് തന്‍റെ നൂറ് ശതമാനവും നല്‍കുമെന്നും താരം പറഞ്ഞു. ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ എന്നിവര്‍ തന്‍റെ പ്രകടനത്തെ സ്വാധീനിച്ചതായും താരം പ്രതികരിച്ചു.
'ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍ എല്ലായ്പോഴും ജസ്പ്രീത് ബുംറ എന്നോടൊപ്പമുണ്ടാവും. പ്രാഥമിക പാഠങ്ങളില്‍ ഉറച്ച് നിന്ന് കളിക്കാനും, എക്‌സ്ട്രാ നല്‍കാതിരിക്കാനുമാണ് ബുമ്ര പറയാറ്. ഇത്രയും പരിചയസമ്പത്തുള്ള ഒരു കളിക്കാരനില്‍ നിന്നും കൂടുതല്‍ പഠിക്കാനാവുക എന്നത് വലിയ കാര്യമാണ്' മുഹമ്മദ് സിറാജ് പറഞ്ഞു.
'ഇഷാന്ത് ശര്‍മയ്‌ക്കൊപ്പവും കളിക്കാന്‍ എനിക്കായി. അദ്ദേഹം 100 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്നത് നല്ലതായി തോന്നി. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുകയെന്നതാണ് എന്‍റെ സ്വപ്നം. അവസരം ലഭിക്കുമ്പോഴെല്ലാം അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യും'- സിറാജ് പറഞ്ഞു. അതേസമയം 2017 നവംബറില്‍ ന്യൂസിലാന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച സിറാജ് അഞ്ച് ടെസ്റ്റുകളും, ഒരു ഏകദിനവും, മൂന്ന് ടി20യുമാണ് ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത്.