ന്യൂഡല്‍ഹി: അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. നവീകരിച്ച സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 24-ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിർവഹിക്കുന്ന പശ്ചാത്തലത്തില്‍ ട്വീറ്റിലൂടെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. 24 വരെ കാത്തിരിക്കാനാകില്ല. ബൃഹത്തായതും സുന്ദരവുമായ സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ഈ മൈതാനം ഏറെ ഒർമ്മകൾ നല്‍കിയിട്ടുണ്ടെന്നും ഗാംഗുലിയുടെ ട്വീറ്റില്‍ പറയുന്നു.
ഒരു ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന ഈഡനിലാണ് കളിച്ച് വളർന്നതെന്നും ആ റെക്കോഡ് മൊട്ടേര മറികടന്നെന്നും ഗാംഗുലി ട്വീറ്റില്‍ കൂട്ടിച്ചേർത്തു. നേരത്തെ ഈഡന്‍ ഗാർഡനായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവിശാസ്‌ത്രിയും സ്റ്റേഡിയത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മോട്ടേരയില്‍ നിർമ്മിച്ചിരുക്കുന്നത്. 110,000 പേർക്ക് ഒരേ സമയം കളി ആസ്വദിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. നവീകരണത്തിന് മുമ്പ് ഒരേസമയം 54,000 പേരെ മാത്രമെ ഒരേസമയം സ്റ്റേഡിയത്തില്‍ ഉൾക്കൊള്ളാന്‍ സാധിക്കുമായിരുന്നുള്ളൂ.
ഗുജറാത്ത് സർക്കാർ 1982-ൽ 50 ഏക്കർ സ്ഥലം സംഭാവന ചെയ്ത ശേഷമാണ് സ്റ്റേഡിയം ആദ്യമായി നിർമ്മിച്ചത്. ഒരു വർഷത്തിനുശേഷം 1983 മുതല്‍ സ്റ്റേഡിയം അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തുടങ്ങി. ഇതുവരെ 24 ഏകദിനങ്ങൾക്കും 12 ടെസ്റ്റുകൾക്കും ഒരു ടി20ക്കും മൊട്ടേര ആതിഥേയത്വം വഹിച്ചു.