ഹൈദരാബാദ്: ഓക്ടോബറിലും നവംബറിലുമായി ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടത്തുന്നതിന് പകരം ഇന്ത്യയില്‍ ഐപിഎല്‍ സംഘടിപ്പിക്കുകയാകും ഉചിതമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി20 ലോകകപ്പിനായി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് ഓസ്‌ട്രേലിയയില്‍ എത്തുക. ഇത് അവിടെ കൊവിഡ് 19 വ്യാപനത്തിന് ഇടയാക്കിയേക്കാമെന്നും പനേസര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഐപിഎല്‍ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ബിസിസിഐ നീക്കത്തോട് അനുകൂലമായല്ല അദ്ദേഹം പ്രതികരിച്ചത്. ഇംഗ്ലണ്ടില്‍ കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാനായി. സമാന സാഹചര്യം ഇന്ത്യയിലും ഉടലെടുത്തേക്കാം. കഴിയുന്നിടത്തോളം ലീഗ് ഇന്ത്യയില്‍ നടത്താന്‍ ശ്രമിക്കണം. ഇന്ത്യയില്‍ ഇപ്പോള്‍ വൈറസ് വ്യാപനം ഉയര്‍ന്ന നിലയിലാകാം. ജൂണ്‍ അവസാനമോ ഓഗസ്റ്റ് ആദ്യമോ ആയി കൊവിഡ് 19 സാഹചര്യം ഇന്ത്യയില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയും അദ്ദേഹം പറഞ്ഞു.
അടുത്ത ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കണം
ഈ വര്‍ഷം ഐപിഎല്‍ നടക്കുമെന്നും അടുത്ത വര്‍ഷം ലോകകപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും പനേസര്‍ പറഞ്ഞു. ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇതിനകം രണ്ട് ഐസിസി ലോകകപ്പുകള്‍ 2021 ല്‍ നടത്താന്‍ പദ്ധതി ഇട്ടിട്ടുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും ന്യൂസിലന്‍ഡ് ആതിഥേയത്വം വഹിക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പും. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഐസിസിക്ക് റദ്ദാക്കാനോ മാറ്റിവെക്കാനോ കഴിയും.
തിരിച്ചുവരവ് എപ്പോള്‍ വേണമെന്ന് ധോണിക്കറിയാം
ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള നീക്കം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ വിഷമകരമായ അവസ്ഥയിലാക്കിയിട്ടുണ്ടെന്നും പനേസര്‍ അഭിപ്രായപ്പെട്ടു, വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ധോണിക്ക് ഇന്ത്യന്‍ ടീമില്‍ തുടരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എപ്പോള്‍ വിരമിക്കണമെന്ന കാര്യത്തില്‍ ധോണിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പനേസര്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റ്‌സ്മാന്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണെന്ന് അഭിപ്രായപ്പെട്ട പനേസര്‍ ഏകദിന ടി20 മത്സരങ്ങില്‍ ഈ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് നല്‍കി. 38 വയസുള്ള മോണ്ടി പനേസര്‍ ഇംഗ്ലണ്ടിന് വേണ്ടി 50 ടെസ്റ്റ് മത്സരങ്ങളും 26 ഏകദിനങ്ങളും ഒരു ടി20യും പനേസര്‍ കളിച്ചു. 193 അന്താരാഷ്ട്ര വിക്കറ്റുകളാണ് പനേസറിന്റെ പേരിലുള്ളത്.