ന്യൂഡല്‍ഹി: ലോകകപ്പ് ജേതാവുകൂടിയായ ക്രിക്കറ്റ് താരം കെ ശ്രീകാന്തിനും വനിതാ ക്രിക്കറ്റർ അഞ്ജും ചോപ്രക്കും ബിസിസിഐയുടെ ആജീവാനന്ത പുരസ്‌കാരം. സി.കെ നായിഡു അജീവനാന്ത പുരസ്‌കാരമാണ് ഇരുവർക്കു നല്‍കുന്നത്. ജനുവരി 12ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ബിസിസിഐ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. 1983ല്‍ ഇന്ത്യക്കായി ലോകകപ്പ് നേടിതന്ന ടീമിന്‍റെ ഭാഗമായിരുന്നു ശ്രീകാന്ത്. അതേസമയം ഇന്ത്യയുടെ മികച്ച ബാറ്റ്‌വുമനാണെന്ന അംഗീകാരം മിതാലി രാജിന് മുമ്പ് സ്വന്തമാക്കിയ വനിതയാണ് അഞ്ജും ചോപ്ര. ഇന്ത്യന്‍ ക്രിക്കറ്റിന് ഇരുവരും നല്‍കിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്നും ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
തമിഴ്‌നാട് സ്വദേശിയായ മുന്‍ ഇന്ത്യന്‍ നായകന്‍ ശ്രീകാന്ത് 1981-1992 കാലയളവിലാണ് ഇന്ത്യക്കായി കളിച്ചത്. ഏകദിന ക്രിക്കറ്റില്‍ താരം വഴികാട്ടിയായി മാറി. ആക്രമണോത്സുക ഓപ്പണിങ്ങ് ബാറ്റ്സമാന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഹെല്‍മെറ്റ് ധരിക്കാതെ ഫാസ്‌റ്റ് ബോളർമാർക്ക് മുന്നില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ അദ്ദേഹം തെയ്യാറായി. 1983ൽ നടന്ന ലോകകപ്പ് ഫൈനലിൽ മാൽക്കം മാർഷൽ, ജോയൽ ഗാർണർ, ആൻഡി റോബർട്ട്സ്, മൈക്കൽ ഹോൾഡിംഗ് എന്നിവരടങ്ങുന്ന വെസ്റ്റ് ഇൻഡീസിലെ ഇതിഹാസ ഫാസ്‌റ്റ് ബോളിങ്ങ് നിരക്ക് മുന്നില്‍ 38 റൺസാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. 1989ല്‍ ശ്രീകാന്ത് ഇന്ത്യന്‍ ടീമിന്‍റെ നായകനായിരിക്കുമ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പക്ഷേ പാകിസ്ഥാന് എതിരെ നടന്ന ആ പരമ്പര സമനിലയില്‍ അവസാനിച്ചു.
60 വയസുള്ള താരം 43 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നായി 2062 റണ്‍സ് സ്വന്തമാക്കി. രണ്ട് സെഞ്ച്വറികളും 12 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ടെസ്‌റ്റ് കരിയർ. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍റിലുമായി നടന്ന ലോകകപ്പിന് ശേഷം 1992ലാണ് അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. 2009-12 മുതൽ ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാനായും ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. നിരവധി ടിവി ഷോകളുടെ ഭാഗമാവുകയും ചെയ്‌തു.
നിലവില്‍ ഇന്ത്യക്കായി കളിക്കുന്ന മിതാലി രാജിന് മുമ്പ് ഇന്ത്യയുടെ മികച്ച ബാറ്റ്സ്‌വുമണായി പരിഗണിക്കപെട്ട വനിതയാണ് 42 വയസുള്ള അഞ്ജും ചോപ്ര. 12 ടെസ്റ്റുകളില്‍ നിന്നായി 548 റൺസാണ് അഞ്ജും അക്കൗണ്ടില്‍ ചേർത്തത്.