സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഫീല്‍ഡില്‍ ടീം ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് വിരാട് കോലി. സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ 66 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വിരാട് കോലി.
25 ഓവറുകള്‍ക്ക് ശേഷം ഫീല്‍ഡില്‍ ടീം അംഗങ്ങളുടെ ശരീര ഭാഷ മോശമായിരുന്നു. പല അവസരങ്ങളും കളഞ്ഞ് കുളിച്ചത് കാരണം ആതിഥേയര്‍ക്ക് മുന്‍തൂക്കം ലഭിച്ചു. ആറാമത് ഒരു ബൗളറുടെ കുറവ് ടീമിന്‍റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഹര്‍ദിക്കിന് ഇതേവരെ പന്തെറിയാന്‍ സാധിക്കാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ട് ടൈം ബൗളേഴ്‌സിനെ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്. സമാന സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ പന്തെറിയാന്‍ താരങ്ങളുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: ഓസിസ് പര്യടനം; സിഡ്‌നിയില്‍ ഇന്ത്യക്ക് 66 റണ്‍സിന്‍റെ തോല്‍വി
ആതിഥേയര്‍ ഉയര്‍ത്തിയ 375 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന കോലിയും കൂട്ടരും നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 308 റണ്‍സ് എടുത്ത് പുറത്തായി. പര്യടനത്തിന്‍റ ഭാഗമായുള്ള അടുത്ത ഏകദിനം സിഡ്‌നിയില്‍ ഈ മാസം 29ന് നടക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയുടെ ഭാഗമായി നടക്കുക. പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് ടി20യും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയും നടക്കും.