ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച് കഴിവ് തെളിയിച്ച നായകന്‍മാരാണ് വിരാട് കോലിയും കെയിന്‍ വില്യംസണുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സ്‌പിന്നർ ബ്രാഡ് ഹോഗ്. സാമൂഹ്യമാധ്യമത്തിലെ ചോദ്യോത്തരവേളയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെയും കെയിന്‍ വില്യംസണിനെയും ഹോഗ് പ്രശംസിച്ചത്. വിരാട് കോലി, കെയിന്‍ വില്യംസണ്‍, പാകിസ്ഥാന്‍ നായകന്‍ ബാബർ അസം, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് എന്നിവരില്‍ രണ്ട് പേരെ തെരഞ്ഞെടുക്കാന്‍ ആരാധകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഹോഗിന്‍റെ പ്രതികരണം. സാമൂഹ്യമാധ്യമത്തിലെ ആവശ്യം പരിഗണിച്ച് കോലിയെയും വില്യംസണിനെയും ഹോഗ് നാലംഗ സംഘത്തില്‍ നിന്നും തെരഞ്ഞെടുക്കുകയും ചെയ്‌തു. വിരാട് കോലിയെക്കാൾ മികച്ച ഫീല്‍ഡറാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്തെന്നും ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു.
2019-ല്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ വില്യംസണെ ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുത്തിരുന്നു. അടുത്തിടെ സ്വന്തം മണ്ണില്‍ ഇന്ത്യക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പര 2-0ത്തിന് സ്വന്തമാക്കാനും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ടീമിനായി. കഴിഞ്ഞ മാർച്ചിലാണ് വില്യംസണ്‍ അവസാന ഏകദിന മത്സരം കളിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം കൊവിഡ് 19 നെ തുടർന്ന് ബാക്കിയുള്ളവ ഉപേക്ഷിക്കുകയായിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ താരമാണ് വില്യംസണ്‍. കൊവിഡ് 19 കാരണം ഐപിഎല്‍ മത്സരങ്ങൾ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.