കൊല്‍ക്കത്ത: ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ ട്രേവര്‍ ബെയ്‌ലിസിനെ വീണ്ടും പരിശീലകസ്ഥാനത്ത് എത്തിച്ച് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ട്രേവറിന് പുറമേ ന്യൂസിലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലവും കൊല്‍ക്കത്തക്കൊപ്പം ചേരും.
ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക്ക് കാലിസിന് പകരക്കാരനായാണ് ബെയ്‌ലിസ് നൈറ്റ് റൈഡേഴ്‌സില്‍ എത്തിയത്. ഇതാദ്യമായല്ല ബെയ്‌ലിസ് കൊല്‍ക്കത്തയുടെ ഭാഗമാകുന്നത്. 2012 ലും 2014 ലും കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയത് ബെയ്‌ലിസിന്‍റെ കീഴിലായിരുന്നു. 2015 മുതല്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്‍റെ പരിശീലകനാണ് ബെയ്‌ലിസ്. ഓഗസ്റ്റില്‍ നടക്കുന്ന ആഷസ് പരമ്പരക്ക് ശേഷം ബെയ്‌ലിസ് നൈറ്റ് റൈഡേഴ്‌സിനോടൊപ്പം ചേരും.
അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുൻ താരമായിരുന്ന മക്കല്ലത്തിന് ഇത് പുതിയ ദൗത്യമാണ്. കൊല്‍ക്കത്തക്ക് വേണ്ടി ഐപിഎല്‍ അരങ്ങേറ്റം കുറിച്ച മക്കല്ലം ഇത്തവണ കൊല്‍ക്കത്തയുടെ ബാറ്റിങ് പരിശീലകനും മെന്‍ററായിട്ടുമാണ് എത്തുന്നത്.
രണ്ട് ഐപിഎല്‍ കിരീടവും തുടർച്ചയായി മൂന്ന് സീസണുകളില്‍ പ്ലേഓഫിലുമെത്തിയ കൊല്‍ക്കത്തക്ക് കഴിഞ്ഞ സീസണില്‍ അഞ്ചാമത് എത്താനെ കഴിഞ്ഞുള്ളു.