ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ അണ്ടർ 19 ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ നടന്ന കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍മാരായ കപില്‍ ദേവും മുഹമ്മദ് അസറുദ്ദീനും. മത്സര ശേഷം ഗ്രൗണ്ടില്‍ മോശമായ രീതിയില്‍ പെരുമാറിയ താരങ്ങൾക്കെതിരെ മാതൃകാപരമായ നടപടിക്ക് ബിസിസിഐ തയ്യാറാവണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. താരങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ സപ്പോർട്ടിങ് സ്റ്റാഫിന്‍റെ പങ്കിനെ കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് അസറുദ്ദീന്‍ പറഞ്ഞു. സംഭവത്തില്‍ ബിസിസിഐ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസറുദ്ദീന്‍റെ അഭിപ്രായത്തെ പിന്തുണച്ച് കപില്‍ദേവും രംഗത്ത് വന്നു. ആക്രമണോത്സുക ക്രിക്കറ്റിനെ താന്‍ സ്വാഗതം ചെയ്യുന്നു. അതില്‍ തെറ്റില്ല. എന്നാല്‍ ക്രിക്കറ്റില്‍ മാന്യതയുടെ പരിധി കടക്കാന്‍ പാടില്ല. മൈതാനത്ത് യുവാക്കൾ മോശമായി പെരുമാറിയത് അംഗീകരിക്കാനാകില്ല. ക്രിക്കറ്റില്‍ എതിരാളികളോട് മോശമായി പെരുമാറുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ശേഷമാണ് ഇരു ടീം അംഗങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ കയ്യാങ്കളി നടന്നത്. മാന്യന്‍മാരുടെ ഗെയിമെന്ന ക്രിക്കറ്റിന്‍റെ സല്‍പ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഈ സംഭവം. കയ്യാങ്കളിയെ തുടർന്ന് ഐസിസി താരങ്ങൾക്ക് എതിരെ നടപടി എടുത്തിരുന്നു. ബംഗ്ലാദേശ് താരങ്ങളായ ഹൃദോയ്, ഷമിം ഹൊസൈൻ, റാകിബുൾ ഹസൻ എന്നിവരും ഇന്ത്യൻ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്‌ണോയ് എന്നിവരുമാണ് നടപടി നേരിട്ടത്.
ടൗഹിദ് ഹൃദോയ്ക്ക് 10 സസ്പെൻഷൻ പോയിന്‍റും ആറ് ഡിമെറിറ്റ് പോയിന്‍റും ഹൊസൈൻ, ആകാശ് സിങ് എന്നിവർക്ക് എട്ട് സസ്പെൻഷൻ പോയിന്‍റും ആറ് ഡിമെറിറ്റ്പോയിന്‍റും റാക്കിബുൾ ഹസന് നാല് സസ്പെൻഷൻ പോയിന്‍റും അഞ്ച് ഡിമെറിറ്റ് പോയിന്‍റും ലഭിച്ചു. രവി ബിഷ്ണോയിക്ക് അഞ്ച് ഡിമെറിറ്റ് പോയിന്‍റും അതോടൊപ്പം മത്സരത്തിനിടെ മോശം വാക്കുകൾ ഉപയോഗിച്ചതിന് രണ്ട് അധിക ഡിമെറിറ്റ് പോയിന്‍റും ലഭിച്ചു. കുറ്റങ്ങൾ കളിക്കാൻ അംഗീകരിച്ചതായി മാച്ച് റഫറി അറിയിച്ചിട്ടുണ്ട്. ഡിമെറിറ്റ് പോയിന്‍റുകൾ രണ്ട് വർഷത്തേക്ക് നിലനില്‍ക്കും. അടുത്ത അന്താരാഷ്ട്ര മത്സരങ്ങൾ മുതല്‍ സസ്പെൻഷൻ പോയിന്‍റുകളും ഡിമെറിറ്റ് പോയിന്‍റുകളും താരങ്ങളുടെ മേല്‍ നിലവില്‍ വരും. മത്സര ശേഷം മൈതാനത്ത് അരങ്ങേറിയ കാര്യങ്ങൾ ക്രിക്കറ്റിന്‍റെ സല്‍പ്പേരിന് കളങ്കം ചാർത്തിയ സാഹചര്യത്തിലാണ് ഐസിസി നടപടി തുടങ്ങിയത്.