ന്യൂഡല്‍ഹി: രോഹിത് ശര്‍മയെ ടി20 ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഹിറ്റ്മാന്‍റെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാമത് ഐപിഎല്‍ കിരീടം സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് ഗംഭീറിന്‍റെ പ്രതികരണം. രോഹിത് നായകനായില്ലെങ്കില്‍ ഇന്ത്യന്‍ ടി20 ടീമിനാണ് നഷ്‌ടമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. അര്‍ദ്ധസെഞ്ച്വറിയോടെ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ എട്ട് പന്ത് ശേഷിക്കെ ഫൈനലില്‍ മുംബൈ ജയം സ്വന്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപനായകനാണ് രോഹിത് ശര്‍മ.
ഒരു നായകന്‍റെ മികവ് അറിയാനുള്ള അളവ് കോല്‍ കിരീടങ്ങളാണെങ്കില്‍ ഏറ്റവും മികച്ച ക്യാപ്‌റ്റന്‍ എംഎസ് ധോണിയാണെന്നും ഗംഭീര്‍ പറഞ്ഞു. അദ്ദേഹം രാജ്യത്തിനായി രണ്ട് ലോകകപ്പും ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി മൂന്ന് ഐപിഎല്‍ കിരീടങ്ങളും സ്വന്തമാക്കി. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ എറ്റവും മികച്ച നായകന്‍ രോഹിത് ശര്‍മയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വം നല്‍കുന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ഷെല്‍ഫില്‍ ഇതിനകം അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് ഉള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ നായകനാണ് അദ്ദേഹം. ഐപിഎല്ലില്‍ നായകന്‍ എന്ന നിലയില്‍ ഇതില്‍ കൂടുതല്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്‍റെ നായക സ്ഥാനത്തേക്ക് രോഹിതിനെ പരിഗണിക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ സാഹചര്യത്തില്‍ നിശ്ചിത ഓവര്‍, ടെസ്റ്റ് മത്സരങ്ങള്‍ക്ക് വ്യത്യസ്ഥ നായകന്‍മാര്‍ ആവശ്യമാണ്. അതിനര്‍ത്ഥം വിരാട് കോലി മോശം നായകനാണെന്നല്ല. ഐപിഎല്‍ വേദിയില്‍ ഇരുവരുടെയും നേതൃപാടവും താരതമ്യം ചെയ്യാന്‍ ലഭിച്ച അവസരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിഗമനമെന്നും ഗംഭീര്‍ വ്യക്തമാക്കി. ഐപിഎല്‍ കിരീട നേട്ടത്തില്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച് വീരേന്ദ്ര സേവാഗും മുന്നോട്ട് വന്നിരുന്നു.