രാജ്കോട്ട്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കുന്നത് ശീലമാക്കി മാറ്റിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ലെഗ് സ്‌പിന്നർ ആദം സാംപ. ഏകദിന മത്സരങ്ങളില്‍ കോലിയുടെ വിക്കറ്റ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കുന്ന സ്പിന്‍ ബൗളറെന്ന റെക്കോഡാണ് സാംപ സ്വന്തം പേരില്‍ ചേർത്തത്.
രാജ്കോട്ട് ഏകദിനത്തില്‍ കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് സാംപ ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ അഞ്ച് തവണയാണ് സാംപ ഏകദിന മത്സരങ്ങളില്‍ കോലിയുടെ വിക്കറ്റെടുത്തത്. മുംബൈയിലും രാജ്കോട്ടിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റെടുത്തത് സാംപയായിരുന്നു. രാജ്കോട്ടില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സാംപ സ്വന്തം പേരിലാക്കി. രാജ്കോട്ടില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയതും സാംപയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയ രണ്ടാമത്തെ താരം വെസ്‌റ്റ് ഇന്‍ഡീസിന്‍റെ രവി രാംപോളാണ്.
എല്ലാ ഫോർമാറ്റിലുമായി ഏഴു തവണ ആദം സാംപ കോലിയുടെ വിക്കറ്റ് സ്വന്തമാക്കി. രണ്ട് തവണ ടി20 ക്രിക്കറ്റിലാണ് താരം കോലിയുടെ വിക്കറ്റെടുത്തത്. ഒരു തവണ കൂടി കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയാല്‍ മറ്റൊരു റെക്കോഡ് കൂടി സാംപ സ്വന്തം പേരില്‍ ചേർക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കോലിയുടെ വിക്കറ്റ് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് സാംപയെ കാത്തിരിക്കുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒരോ മത്സരം വീതം ജയിച്ച് നില്‍ക്കുകയാണ്. അതിനാല്‍ ജനുവരി 19-ന് ബംഗളൂരുവില്‍ നടക്കുന്ന അവസാന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. 19-ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.