ന്യൂഡല്‍ഹി: ഐപിഎല്‍ ഈ വർഷം തന്നെ നടക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന്‍. മുന്‍ ശ്രീലങ്കന്‍ നായകന്‍ എയ്‌ഞ്ചലോ മാത്യൂസിനോട് ഫെസ്‌ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുഭാപ്‌തി വിശ്വാസത്തോടെയാണ് ഐപിഎല്ലിനെ നോക്കി കാണുന്നതെന്നും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരം കൂടിയായ ധവാന്‍ പറഞ്ഞു. ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ചില കായിക ഇനങ്ങൾ മികച്ച അന്തരീക്ഷം സൃഷ്‌ടിക്കും. അത് ഏറെ പ്രധാനമാണ്. അതിനാല്‍ തന്നെ ഐപിഎല്‍ തിരിച്ചുവന്നാല്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും ശിഖർ ധവാന്‍ പറഞ്ഞു.
അതേസമയം അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരങ്ങളില്‍ കാണികളുടെ അഭാവം കളിക്കളത്തില്‍ വലിയ സ്വാധീനം ചെലുത്തും. പ്രത്യേക ആഹ്ലാദവും തിളക്കവുമാണ് ആരാധകർ സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്. അതേസമയം കൊവിഡ് 19 ലോക്ക്‌ഡൗണ്‍ കാരണം രണ്ട് മാസത്തോളം വീട്ടിലിരിക്കാന്‍ സാധിച്ചു. ഇനി ഗ്രൗണ്ടിലേക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ ടീമിന് വേണ്ടി കളിക്കാന്‍ വലിയ ആഗ്രഹമുണ്ടെന്നും ശിഖർ ധവാന്‍ പറഞ്ഞു.