മുംബൈ: ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയുടെ പിൻമാറ്റത്തെ തുടർന്ന് ബിസിസിഐയുടെ ഐപിഎല്‍ സ്പോൺസർഷിപ്പ് പ്രതിസന്ധിയിലായിരുന്നു. പുതിയ സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. ബാബ രാംദേവിന്‍റെ പതഞ്ജലി, റിലയൻസ് ജിയോ എന്നി പേരുകളാണ് ആദ്യ ഘട്ടത്തില്‍ സ്പോൺസർമാരാകാൻ തയ്യാറുള്ളവരുടെ പട്ടികയില്‍ എത്തിയത്. എന്നാല്‍ സ്പോൺസർഷിപ്പിന് താല്‍പര്യം അറിയിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടാറ്റ ഗ്രൂപ്പിന്‍റെ പേരിനാണ് മുൻതൂക്കം. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ അൺഅക്കാദമി, ഫാന്‍റസി സ്പോർട്സ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 എന്നിവയും ഐപിഎല്‍ സ്പോൺസർഷിപ്പിന് താല്‍പര്യം അറിയിച്ച് ബിസിസിഐക്ക് താല്‍പര്യ പത്രം നല്‍കിയിട്ടുണ്ട്.
സെപ്‌റ്റംബർ 19 മുതല്‍ നവംബർ 10വരെ യുഎഇയിലാണ് ഈ വർഷത്തെ ഐപിഎല്‍ നടക്കുക. ടാറ്റ ഗ്രൂപ്പ് കൂടി രംഗത്ത് എത്തിയതോടെ വിവോ ഓരോ വർഷവും നല്‍കിയിരുന്ന 440 കോടിയില്‍ കുറവാകില്ല സ്പോൺസർ ഷിപ്പ് തുക എന്ന പ്രതീക്ഷയിലാണ് ബിസിസിഐ. കമ്പനികൾ നല്‍കിയ താല്‍പര്യ പത്ര പ്രകാരം സ്പോൺസർഷിപ്പ് തുക എത്രയാണെന്ന് ഈമാസം 18നാണ് വെളിപ്പെടുത്തുക. ആദ്യ ഘട്ടത്തില്‍ പതഞ്ജലിയും റിലയൻസ് ജിയോയും സ്പോൺസർഷിപ്പിന് തയ്യാറായി രംഗത്തുണ്ടായിരുന്നു എങ്കിലും ഇരുവരും താല്‍പര്യ പത്രം നല്‍കിയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്പോൺസർഷിപ്പിന് പണമല്ല, കമ്പനിയുടെ വിശ്വാസ്യതയാണ് പ്രധാനമെന്നാണ് ബിസിസിഐ നല്‍കുന്ന വിവരം. ചൈനീസ് ബന്ധത്തെ തുടർന്ന് വിവോയ്ക്ക് പിൻമാറേണ്ടി വന്ന സാഹചര്യത്തിലാണ് കമ്പനികളുടെ വിശ്വാസ്യതയെ കുറിച്ച് ബിസിസിഐ പുനരാലോചിക്കുന്നത്.