മുംബൈ; ഐപിഎല്‍ കിരീടം നിലനിർത്താനിറങ്ങുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടി. 2020 സീസണില്‍ മുൻ നിര ബൗളർ ലസിത് മലിംഗ ഇത്തവണ ടീമിനൊപ്പമുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കുടുംബത്തിനൊപ്പം ചേരാൻ മലിംഗ നാട്ടിലേക്ക് മടങ്ങുകയാണെന്ന് മുംബൈ ടീം മാനേജ്‌മെന്‍റ് അറിയിച്ചു. ഇതോടെ യുഎഇയില്‍ നടക്കുന്ന 13-ാമത് ഐപിഎല്ലില്‍ ലസിത് മലിംഗയ്ക്ക് പകരം ഓസീസ് പേസ് ബൗളർ ജയിംസ് പാറ്റിൻസണെ മുംബൈ ടീമില്‍ ഉൾപ്പെടുത്തി. മലിംഗയ്ക്ക് ശരിയായ പകരക്കാരനെ ഞങ്ങൾ കണ്ടെത്തിയെന്നാണ് ടീം ഉടമ ആകാശ് അംബാനി പറഞ്ഞത്. മുംബൈ ടീമിലെ ഇതിഹാസവും ടീമിന്‍റെ കരുത്തുമാണ് മലിംഗ. ഈ സീസണില്‍ ആ കരുത്ത് ഞങ്ങൾക്കുണ്ടാകില്ല. പക്ഷേ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ആവശ്യത്തിനൊപ്പം ടീം ചേരുകയാണെന്നും ആകാശ് പറഞ്ഞു.
ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമാണ് ലസിത് മലിംഗ. 2009ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച മലിംഗ 122 മത്സരങ്ങളില്‍ നിന്നായി 19.80 ശരാശരിയില്‍ 170 വിക്കറ്റുകൾ നേടി. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമായിരുന്ന പാറ്റിൻസൺ ഐപിഎല്ലില്‍ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല.