ഗുവാഹത്തി: പരിശീലനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് പരിക്ക്. ശ്രീലങ്കക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്നലെ ഗുവാഹത്തിയില്‍ നടന്ന പരിശീലനത്തിനിടെയാണ് കോലിക്ക് പരിക്കേറ്റത്. പരിശീലനത്തിനിടെ ക്യാച്ചെടുക്കുമ്പോൾ ഇടതു കൈയിലെ ചെറുവിരലിനാണ് പരിക്കേറ്റത്. ടീം ഫിസിയോ നിതില്‍ പട്ടേല്‍ കോലിയെ പരിശോധിച്ചു. അതേസമയം പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഒഴികെയുള്ള താരങ്ങൾ വെള്ളിയാഴ്ച്ച ഗുവാഹത്തിയില്‍ നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യമത്സരമാണ് ഗുവാഹത്തിയില്‍ നടക്കുന്നത്. 22 മാസങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ട്വന്‍റി-20 മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
നേരത്തെ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്‍റി-20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു. അതേസമയം ഓസ്‌ട്രേലിയക്ക് എതിരായ ട്വന്‍റി-20 പരമ്പരയില്‍ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ശ്രീലങ്ക ഇന്ത്യയെ നേരിടാനെത്തുന്നത്. പുതുവർഷത്തെ ആദ്യ മത്സരത്തില്‍ ജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാകും കോലിയും കൂട്ടരും ഇന്ന് ഇറങ്ങുക.