മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിലെ മഴ മുടക്കിയ ഇന്ത്യ - ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം റിസർവ് ദിനമായ ഇന്ന് നടക്കും. 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 എന്ന നിലയിൽ ന്യൂസിലൻഡ് ബാറ്റിങ് തുടരും. മാഞ്ചസ്റ്ററിൽ ഇടവിട്ട് മഴ പെയ്തതാണ് തിരിച്ചടിയായത്.
മഴ ശമിച്ചതിനെ തുടർന്ന്, ഇന്ത്യൻ സമയം രാത്രി 10.40 ഓടെ പിച്ച് പരിശോധന നടത്തിയിരുന്നു. തുടർന്നുള്ള അമ്പയർമാരുടെ തീരുമാനത്തിലാണ് മത്സരം ഇന്നത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. റിസർവ് ദിനമായ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാവും കളി പുനരാരംഭിക്കുക.
മഴ മൂലം കളി അവസാനിപ്പിക്കുമ്പോൾ 85 പന്തിൽ നിന്ന് 67 റൺസെടുത്ത റോസ് ടെയ്‌ലറും നാല് പന്തിൽ നിന്ന് മൂന്ന് റൺസെടുത്ത ടോം ലഥാമുമായിരുന്നു ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നും മഴ പെയ്ത് മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ ഇന്ത്യ ഫൈനലിൽ എത്തും.