പൂനെ: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ വിജയികളെ നിര്‍ണ്ണയിക്കുന്ന മൂന്നാം മത്സരത്തിന് തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് സഖ്യമായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ ആദ്യ പവര്‍ പ്ലേയില്‍ മാത്രം 65 റണ്‍സാണ് ടീം കണ്ടെത്തിയത്.
14.1 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 100 റൺസ് കണ്ടെത്താനും ടീമിന് കഴിഞ്ഞു. എന്നാല്‍ ടീം 100 കടന്നയുടൻ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 37 പന്തില്‍ 37 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, 56 പന്തില്‍ 67 റൺസെടുത്ത ശിഖർ ധവാൻ, പത്ത് പന്തില്‍ ഏഴ് റൺസെടുത്ത നായകൻ വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അതേസമയം കഴിഞ്ഞ കളിയില്‍ നിന്നും ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്നിറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് പകരം പേസര്‍ ടി നടരാജന്‍ ഇന്ത്യന്‍ നിരയില്‍ ഇടം പിടിച്ചു. ഇംഗ്ലണ്ട് നിരയില്‍ പേസര്‍ ടോം കറന് പകരം മാര്‍ക്ക് വുഡും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഇംഗ്ലണ്ടും വിജയിച്ചിരുന്നു. പൂണെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
.