പോട്ടെസ്ട്രോം(ദക്ഷിണാഫ്രിക്ക); ബാറ്റിങില്‍ ചെറിയ പോരായ്മകൾ ഉണ്ടായെങ്കിലും അതെല്ലാം ബൗളിങില്‍ പരിഹരിച്ച ഇന്ത്യ, അണ്ടർ -19 ലോകകപ്പിന്‍റെ സെമിഫൈനലില്‍ കടന്നു. ഓസ്ട്രേലിയയ്ക്കെതിരെ 74 റൺസിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ ക്വാർട്ടറില്‍ നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ നേടിയത് 233 റൺസ്. ഓസ്ട്രേലിയ 43.3 ഓവറില്‍ 159 റൺസിന് എല്ലാവരും പുറത്തായി.
നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ ചെറിയ സ്കോറില്‍ എറിഞ്ഞൊതുക്കിയ ആത്മവിശ്വാസവുമായി വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ഞെട്ടിച്ചു.
കാർത്തിക് ത്യാഗി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓസ്ട്രേലിയൻ ഓപ്പണർ ജെയ്ക് ഫ്രേസർ റണ്ണൗട്ടായി. അതേ ഓവറില്‍ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ ഓസീസ് പരാജയം മണത്തു. 127 പന്തില്‍ 75 റൺസെടുത്ത ഓപ്പണർ ഫാനിങ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചു നിന്നത്. പാട്രിക് റോവ് (21), ലിയാം സ്കോട്ട് (35) എന്നിവരുടെ പിന്തുണയോടെ ഫാനിങ് നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിനെ വൻ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. കളിയിലെ കേമനായ കാർത്തിക് ത്യാഗി എട്ട് ഓവറില്‍ 24 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് സിങ് 30 റൺസ് വഴങ്ങി മൂന്നും രവി ബിഷ്ണോയി ഒരു വിക്കറ്റും നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ആധികാരിക ജയവുമായി എത്തിയ ഇന്ത്യയെ ഓസീസ് പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണ് ഇന്ത്യൻ ബാറ്റിങില്‍ കണ്ടത്.
ഓപ്പണർ യശസ്വി ജയ്‌സ്വാൾ 62 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ വാലറ്റത്ത് അൻകൊലേക്കർ പൊരുതി നേടിയ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. അൻകൊലേക്കർ 55 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ബിഷ്ണോയി 31 റൺസെടുത്ത് പുറത്തായി. ഇതോടെ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ അണ്ടർ -19 ലോകകപ്പിന്‍റെ സെമിയില്‍ കടന്നു. സെമിയില്‍ പാകിസ്ഥാൻ- അഫ്‌ഗാനിസ്ഥാൻ മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ.