അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 160 റൺസിന്‍റെ ലീഡ്. സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 205 റൺസ് പിന്തുടർന്ന ഇന്ത്യ 114.4 ഓവറിൽ 365 റണ്‍സിന് പുറത്തായി. വാഷിങ്ടണ്‍ സുന്ദറിന്‍റെ മികവിലാണ് ഇന്ത്യ മികച്ച ലീഡ് നേടിയത്. 174 പന്തിൽ 10 ഫോറും ഒരു സിക്സും അടക്കം 96 റൺസ് നേടിയ സുന്ദർ പുറത്താവാതെ നിന്നു. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രാജ്യാന്തര ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം വാഷിങ്‌ടണ്‍ സുന്ദറിന് നഷ്ടമായി.
എഴിന് 294 എന്ന സ്കോറിന് മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എട്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത് സുന്ദർ – അക്ഷർ പട്ടേൽ സഖ്യം മുന്നേറുന്നതിനിടെ അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷർ റൺ ഔട്ട് ആവുകയായിരുന്നു. 97 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 43 റൺസായിരുന്നു അക്ഷറിന്‍റെ നേട്ടം. ഇരുവരും ചേർന്ന് 106 റൺസെടുത്തു. തുടർന്നെത്തിയ ഇഷാന്ത് ശർമയും മുഹമ്മദ് സിറാജും പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിന് 365 റണ്‍സില്‍ തിരശ്ശീല വീണു. ഇതേസമയം നോൺ സ്‌ട്രൈക്കർ എൻഡിൽ കാഴ്ചക്കാരനായ സുന്ദറിന് അർഹിച്ച സെഞ്ച്വറി നഷ്ടമാവുകയും ചെയ്തു.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 27.4 ഓവറിൽ 89 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ജയിംസ് ആൻഡേഴ്സൻ 25 ഓവറിൽ 44 റൺസിന് മൂന്നു വിക്കറ്റുമെടുത്തു. ജാക്ക് ലീച്ച് 27 ഓവറിലവ്‍ 89 റൺസിന് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യാനിറങ്ങിയ സന്ദര്‍ശകര്‍ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലാണ് അവര്‍. അഞ്ചാം ഓവറിന്‍റെ നാലാം പന്തില്‍ അഞ്ച് റണ്‍സെടുത്ത സാക് ക്രോളിയെയും തുടര്‍ന്നെത്തിയ ജോണി ബെയര്‍സ്‌റ്റോയെയും (0) പുറത്താക്കി അശ്വിനാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. മൂന്ന് റണ്‍സെടുത്ത ഡോം സിബ്ലിയും രണ്ട് റണ്‍സെടുത്ത ബെന്‍ സ്റ്റോക്കിനെയും അക്ഷര്‍ പുറത്താക്കി. 18 റണ്‍സുമായി ജോ റൂട്ടും രണ്ട് റണ്‍സുമായി ഒല്ലി പോപ്പുമാണ് ക്രീസില്‍.