ദുബായ്: ചതുർദിന ടെസ്റ്റ് മത്സരമെന്ന ആശയവുമായി ഐസിസി. 2023 മുതല്‍ ലോക ടെസ്റ്റ് ചാമ്പന്‍ഷിപ്പിന്‍റെ ഭാഗമായി നാലു ദിവസം നീണ്ട് നില്‍ക്കുന്ന ടെസ്റ്റ് മത്സരം ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ഐസിസി വ്യക്തമാക്കി. ഐസിസി യോഗത്തിന്‍റെ പരിഗണനയിലാണ് ഇക്കാര്യം വന്നത്.
നിരവധി കാരണങ്ങളാണ് ഐസിസിയുടെ ഈ നീക്കത്തിന് പിന്നില്‍. മത്സരങ്ങളുടെ സമയക്രമവുമായി ബന്ധപ്പെട്ട് ഐസിസിക്ക് വലിയ സമ്മർദമാണ് അനുഭവിക്കേണ്ടി വരുന്നുണ്ട്. ടെസ്റ്റ് പരമ്പരകൾ നടത്താനുള്ള ചെലവ്. ആഭ്യന്തര ട്വന്‍റി-20 ലീഗുകളുടെ വളർച്ച. ബിസിസിഐ ഉൾപ്പെടെ ആഭ്യന്തര മത്സരങ്ങൾക്കായി സമയം കണ്ടെത്താന്‍ പ്രയാസം അനുഭവിക്കുന്നത്. ഇവയെല്ലാം പുതിയ ആശയത്തിന് പിന്നിലെ കാരണങ്ങളാണ്.
ചതുർദിന ടെസ്റ്റ് മത്സരത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ റോബർട്ട് പറഞ്ഞു. അതേസമയം ഓസിസ് നായകന്‍ ടിം പെയിന്‍ ചതുർദിന ടെസ്റ്റ് മത്സരമെന്ന ആശയത്തിന് എതിരെയും രംഗത്തെത്തിയിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങൾ നാല് ദിവസമായി ചുരുക്കുകയാണെങ്കില്‍ ആഷസിലെ ഒരു മത്സരത്തില്‍ പോലും ഫലമുണ്ടാകില്ലെന്ന് പെയിന്‍ പറഞ്ഞു. നിലവില്‍ അഞ്ച് ദിവസങ്ങളിലായാണ് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്.