ലണ്ടൻ: ലോകകപ്പ് സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പില്‍ ന്യൂസിലൻഡിനെ മികച്ച രീതിയില്‍ നയിച്ച കെയ്‌ൻ വില്ല്യംസണാണ് ലോകകപ്പ് ടീമിന്‍റെ നായകൻ. ഇംഗ്ലണ്ടില്‍ നിന്ന് നാല് താരങ്ങളും സെമിയില്‍ പുറത്തായ ഇന്ത്യൻ ടീമില്‍ നിന്നും ഓസ്ട്രേലിയൻ ടീമില്‍ നിന്നും രണ്ടും താരങ്ങൾ വീതവും സ്വപ്‌ന ടീമില്‍ ഇടംനേടി. ഇവർക്ക് പുറമെ ലോകകപ്പിലെ താരമാകുമെന്ന് കരുതിയിരുന്ന ഷാക്കീബ് അല്‍ ഹസനെയും ടീമില്‍ ഉൾപ്പെടുത്തി. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ടീമില്‍ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ താരം രോഹിത് ശർമ്മയും ജേസൺ റോയിയുമാണ് ടീമിലെ ഓപ്പണർമാർ. ഓസീസ് ഓപ്പണർമാരായ വാർണറിനെയും ഫിഞ്ചിനെയും സഹതാരം ബെയർസ്റ്റോയെയും ഒഴിവാക്കിയാണ് റോയ് ടീമില്‍ ഇടംനേടിയത്. ഈ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി അടക്കം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടിയ താരമാണ് രോഹിത് ശർമ്മ. മൂന്നാമനായി നായകൻ കെയ്‌ൻ വില്ല്യംസനും നാലാമനായി ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ഷാക്കീബ് അല്‍ ഹസനും ടീമില്‍ ഇടം പിടിച്ചു. അഞ്ചാമനായി ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ടും ആറാമനായി ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ ബെൻ സ്റ്റോക്ക്സു ഇടംനേടി. ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരെയാണ് ടീമിലെ വിക്കറ്റ് കീപ്പർ.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് പേസർ മിച്ചല്‍ സ്റ്റാർക്ക് ടീമില്‍ സ്ഥാനം പിടിച്ചപ്പോൾ ഇംഗ്ലീഷ് ബൗളറായ ജോഫ്ര ആർച്ചറും ടീമില്‍ ഇടംപിടിച്ചു. ബൗളിങ്ങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായ ജസ്പ്രീത് ബുമ്രയും ലോകകപ്പ് സ്വപ്ന ടീമില്‍ ഇടംനേടി. ലോകകപ്പില്‍ ന്യൂസിലൻഡിന്‍റെ മുന്നേറ്റത്തില്‍ നിർണായക പങ്ക് വഹിച്ച ലോക്കീ ഫെർഗൂസണും പന്ത്രണ്ടാമനായി ന്യൂസിലൻഡിന്‍റെ തന്നെ ട്രന്‍റ് ബോൾട്ടും ടീമില്‍ ഉൾപ്പെട്ടു. ബൗളർമാരില്‍ സ്പിന്നർമാർ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.