ലാഹോർ: വിരാട് കോലിയെ എതിരിടാന്‍ ഭയമില്ലെന്നും അദ്ദേഹത്തിന് നേരെ പന്തെറിയാന്‍ കാത്തിരിക്കുകയാണെന്നും പാകിസ്ഥാന്‍ പേസർ നസീം ഷാ. കോലിയുടെ കഴിവുകളെ അഭിനന്ദിക്കാനും നസീം ഷാ മറന്നില്ല. ലോകത്തെ മികച്ച ബാറ്റ്സ്‌മാന്‍മാർക്ക് നേരെ പന്തെറിയുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമായി അതിനെ കാണണം. വിരാട് കോലിക്കെതിരെ പന്തെറിയാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും നസീം പറഞ്ഞു.
നിലവില്‍ ഐസിസി ടൂർണമെന്‍റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ചിര വൈരികളായ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് നീലപ്പട വിജയം സ്വന്തമാക്കുകയും ചെയ്‌തു.
കൊവിഡ് 19 ഭീതി ഒഴിയുകയാണെങ്കില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര കളിക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാകും പരമ്പര നടക്കുക.
ടെസ്റ്റ് ഹാട്രിക്ക് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ബൗളർ കൂടിയാണ് നസീം ഷാ. 16 ദിവസവും 356 ദിവസവും പ്രായമുള്ളപ്പോൾ നസീം ബംഗ്ലാദേശിനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന ടെസ്റ്റില്‍ ഹാട്രിക്ക് സ്വന്തമാക്കി. തൈജുല്‍ ഇസ്ലാം, നസ്‌മുല്‍ ഹൊസൈന്‍, മഹ്മൂദുല്ല എന്നിവരെയാണ് നസീം അന്ന് പുറത്താക്കിയത്.