ഹെെദരാബാദ്: യുവതാരം റിഷഭ് പന്തിനെ പുകഴ്ത്തി ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദർ സേവാഗ്. റിഷഭ് പന്ത് ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്നാണ് സേവാഗ് പറയുന്നത്. പന്തിനെ ടീമിൽ നിലനിർത്തുക എന്നത് ഇന്ത്യയുടെ ആവശ്യമാണ്. ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ പോസിറ്റീവായ കാര്യമാണ് റിഷഭ് പന്ത്.
ഏകദിനങ്ങളിൽ മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യാനെത്തുന്ന പന്തിന് രണ്ടാമത് വരുന്ന ബാറ്റിങ് പവർപ്ലേ നന്നായി ഉപയോഗിക്കാൻ കഴിയുന്നുണ്ട്. വളരെ പോസിറ്റീവായ ചിന്താഗതിയോടെയാണ് പന്ത് കളിക്കുന്നത്. മറ്റുള്ളവർ എന്ത് പറയുന്നുവെന്നത് മുഖവിലയ്ക്കെടുക്കാതെ തന്‍റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ മികച്ചതാക്കാൻ താരം ശ്രമിക്കുന്നു. പന്തിനെ കാണുമ്പോൾ തനിക്ക് തന്‍റെ പഴയകാലമാണ് ഓർമ്മ വരുന്നതെന്നും സേവാഗ് പറഞ്ഞു.
എന്നാൽ 70, 80 സ്കോറുകൾ നേടുന്ന പന്തിന് അതു സെഞ്ചുറിയാക്കിമാറ്റാന്‍ കഴിയുന്നില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും സേവാഗ് നിര്‍ദേശിച്ചു. പന്തിന്‍റെ വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങുമെല്ലാം മികച്ചതാണ്. 50 ഓവര്‍ മുഴുവനായി ബാറ്റ് ചെയ്യുന്നതെങ്ങനെയാണെന്ന് താരം മനസ്സിലാ ക്കേണ്ടതുണ്ടെന്നും ഇക്കാര്യം കൂടെ ശ്രദ്ധിച്ചാൽ പന്ത് തന്നെയാകും അടുത്ത സൂപ്പർ സ്റ്റാറെന്നും സേവാഗ് അഭിപ്രായപ്പെട്ടു.