മെല്‍ബണ്‍: സിഡ്‌സ് കാലമേറെയായി നിങ്ങള്‍ ടീമിന്‍റെ ഹൃദയവും ആത്മാവുമാണ്. വിശാലമായൊരു ഹൃദയമുണ്ട് നിങ്ങള്‍ക്ക്. മികച്ച ഒരു ബൗളറെയാണ് ടീമിന് നഷ്ടമാകുന്നത്. ടീമിന് വലിയ നഷ്ടം തന്നെയാണത്. തുടക്കക്കാര്‍ക്ക് നിങ്ങള്‍ എന്നും ആവേശമായിരുന്നു. നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടുപോകുന്നത് ദുഃഖകരമാണ്...
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച ഓസ്ട്രേലിയന്‍ പേസര്‍ പീറ്റര്‍ സിഡിലിനെക്കുറിത്ത് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ഇന്നലെ ന്യൂസിലന്‍ഡിനെതിരായ റണ്ടാം ടെസ്റ്റിന്‍റെ നാലാം ദിവസം കളി തുടങ്ങുന്നതിന് മുമ്പ് മെല്‍ബണില്‍ ടീം അംഗങ്ങള്‍ക്ക് മുന്നില്‍ വൈകാരികമായിട്ടായിരുന്നു പീറ്റര്‍ സിഡില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി എറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ 13 ആം സ്ഥാനത്താണ് അദ്ദേഹം തന്‍റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നത്.
മികച്ച കളിക്കാരനായിരുന്നുവെന്നും ഈ വര്‍ഷം മുഴുവന്‍ ഓസ്ട്രേലിയ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുകയാണെന്നും ഓസ്ട്രേലിയൻ പരിശീലകന്‍ ജസ്റ്റിൻ ലാംഗർ പറഞ്ഞു. പീറ്റര്‍ സിഡില്‍, റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍ എന്നിവരെക്കുറിച്ച് ആശങ്കകളുള്ള കാലമുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഓരോരുത്തരും തങ്ങളുടെ കരിയറിലൂടെ അവരെന്താണെന്ന് തെളിയിച്ചു. പീറ്റര്‍ സിഡില്‍ അവിശ്വസനീയമായ ഒരു കളിക്കാരനാണ്. ഒരു കളിക്കാരന്‍ എന്താകണമെന്നതിന്‍റെ ഉത്തരം പീറ്റര്‍ സിഡില്‍ എന്ന് തന്നെയാണ്. അദ്ദേഹം ടീമിന് ഹൃദയവും ആത്മാവും നല്‍കിയവനാണ്. ഇങ്ങനെ വികാര നിര്‍ഭരമായിട്ടായിരുന്നു വിരമിക്കല്‍ പ്രഖ്യാപനത്തോടുള്ള പ്രതികരണങ്ങള്‍.
35 കാരനായ സിഡിൽ 2008ൽ ഇന്ത്യയ്‌ക്കെതിരെ മൊഹാലിയിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പുറത്താക്കിയാണ് ആദ്യ വരവ് ഗംഭീരമാക്കിയത്. ഓസ്ട്രേലിയയ്ക്കായി 22 ഏകദിനങ്ങളും രണ്ട് ടി 20കളും സിഡിൽ കളിച്ചു.