ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനാവുകയെന്നത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണെന്ന് വിരാട് കോലി. ബൗളർ രവിചന്ദ്ര അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു കോലി. നേരത്തെ ഇന്ത്യന്‍ ടീമില്‍ എത്തിയ സമയത്ത് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായി ഫീല്‍ഡില്‍ വച്ച് നിരവധി തവണ ആശയ വിനിമയം നടത്തിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹം തന്നെ ടീമിന്‍റെ അടുത്ത ക്യാപ്റ്റനായി കാണാന്‍ തുടങ്ങിയെന്നും കോലി പറഞ്ഞു. തന്നെ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ വളർത്തിയെടുക്കുന്നതില്‍ ധോണി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും കോലി വ്യക്തമാക്കി.
ലോകകപ്പിന് തൊട്ടുമുമ്പാണ് ഇന്ത്യയുടെ അണ്ടർ 19 ടീമിന്‍റെ നായകനായത്. എല്ലാ കാലത്തും ചുമതലകൾ ഏറ്റെടുക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടർ 19 ലോകകപ്പില്‍ തന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കിരീടം സ്വന്തമാക്കി. അണ്ടർ 19 ലോകകപ്പിന് മുമ്പ് ക്ലബ് ടീമിന്‍റെയും സംസ്ഥാന ടീമിന്‍റെയും നിരവധി സീനിയർ താരങ്ങൾ ഉൾപ്പെട്ട രഞ്‌ജി ട്രോഫി ടീമിന്‍റെയും ക്യാപ്റ്റന്‍റെ ചുമതല തനിക്ക് ഏറ്റെടുക്കേണ്ടി വന്നതായും ഇതെല്ലാം ഒരു നിയോഗമായിരുന്നുവെന്നും കോലി കൂട്ടിച്ചേർത്തു. അണ്ടർ 19 ടീമന്‍റെ നായകന്‍ എന്ന നിലയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ എന്ന നിലയിലേക്കുള്ള വളർച്ചയെ കുറിച്ചുള്ള അശ്വിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോലി.
നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാമതാണ്. അതേസമയം ടെസ്റ്റ് റാങ്കിങ്ങില്‍ അദ്ദേഹം രണ്ടാം സ്ഥാനത്താണ്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‍റെ നായകനാണ് വിരാട് കോലി. കൊവിഡ് 19 കാരണം മാർച്ച് 29-ന് തുടങ്ങേണ്ട ഐപിഎല്‍ നിലവില്‍ അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്.