മെല്‍ബണ്‍: ബാറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന മികച്ച തുടക്കം മുതലാക്കാന്‍ ആവുന്നില്ലെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമന്‍പ്രീത് കൗർ. ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിത ടി-20 ലോകകപ്പില്‍ സെമി ബെർത്ത് ഉറപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഓപ്പണർ ഷഫാലി വർമ്മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്‍ഡിന് എതിരെ ഷഫാലി 46 റണ്‍സെടുത്ത് തിളങ്ങി. വരും മത്സരങ്ങളിലും താരം സമാന ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹർമന്‍പ്രീത് കൗർ പറഞ്ഞു.
ഇന്ന് ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിന് എതിരെ ഇന്ത്യ മൂന്ന് റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ടീം ഇന്ത്യ ഉയർത്തിയ 134 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന കിവീസിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ ലോകകപ്പില്‍ ഹർമന്‍പ്രീത് കൗറും കൂട്ടരും സെമി ബെർത്ത് ഉറപ്പിച്ചു. നേരത്തെ ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയേയും രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനോടും ജയം സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് ജയവുമായി ആറ് പോയിന്‍റോടെ ടീം ഇന്ത്യ ഒന്നാമതാണ്. ഇന്ത്യ ഫെബ്രുവരി 29-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ശ്രീലങ്കയെ നേരിടും.