ഉത്തർപ്രദേശ്: മകന്‍റെ കഠിനാധ്വനത്തിന് ഫലം കണ്ടുവെന്ന് അണ്ടർ-19 ക്രിക്കറ്റ് ടീം താരം യശസ്വി ജയ്സ്വാളിന്‍റെ പിതാവ് ഭൂപേന്ദ്ര ജയ്സ്വാൾ. ഐപിഎല്‍ താര ലേലത്തില്‍ യശസ്വി ജയ്സ്വാളിനെ രാജസ്ഥാന്‍ റോയല്‍സ് 2.4 കോടി രൂപക്ക് സ്വന്തമാക്കിയ പശ്ചാത്തലത്തില്‍ ദേശീയ വാർത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കും. ഇന്ത്യന്‍ ടീമിലും അവന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വരാന്‍ പോകുന്ന അണ്ടർ-19 ലോകകപ്പില്‍ അവന്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കും. ഇന്ത്യക്കായി മകന്‍ കിരീടം നേടിത്തരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
മകന്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും അവന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്നും മാതാവ് കാഞ്ചന്‍ ജയ്സ്വാളും കൂട്ടിചേർത്തു. താരലേലത്തില്‍ ജയ്സ്വാൾ നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങൾ മധുരം വിതരണം ചെയ്‌തു. ഏകദിന മത്സരങ്ങളില്‍ ഫസ്‌റ്റ്ക്ലാസ് തലത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് ജയ്സ്വാൾ. വിജയ് ഹസാരെ ട്രോഫിയിലാണ് താരം ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. നിലവില്‍ ജയ്സ്വാൾ അണ്ടർ-19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ്. ഐപിഎല്‍ മത്സരങ്ങൾക്ക് മുന്നോടിയായി ജയ്സ്വാൾ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടർ-19 ലോകകപ്പില്‍ പങ്കെടുക്കും. ജനുവരി 19-ന് ശ്രീലങ്കക്ക് എതിരെയാണ് ലോകകപ്പിലെ ആദ്യ മത്സരം.