കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടില്‍. ചതുർരാഷ്‌ട്ര ക്രിക്കറ്റ് ടൂർണമെന്‍റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയാണ് ഗാംഗുലിയുടെ വിദേശ യാത്രയെന്നാണ് സൂചന. വിദേശ യാത്രയുടെ ഭാഗമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് അസോസിയേഷനുമായി ഗാംഗുലി ചർച്ച നടത്തിയേക്കും. ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതരും ചർച്ചയുടെ ഭാഗമാകുമെന്നും സൂചനയുണ്ട്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്‌ച്ചയാണ് ഗാംഗുലി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത്.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇന്ത്യയും മറ്റൊരു രാജ്യവും ഉൾപ്പെടുന്ന ചതുർ രാഷ്‌ട്ര ക്രിക്കറ്റ് ടൂർണമെന്‍റ് പ്രതി വർഷം നടത്തുമെന്നായിരുന്നു ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗാംഗുലി വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ഗാംഗുലിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഇംഗ്ലണ്ട് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് അസോയിയേഷനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയെ തുടർന്ന് ഗാംഗുലിയുടെ ആശയത്തോട് ഇരു രാഷ്‌ട്രങ്ങളിലെയും ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതർ അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തു. ചതുർ രാഷ്‌ട്ര ക്രിക്കറ്റ് ടൂർണമെന്‍റെന്ന ആശയം യാഥാർത്ഥ്യമാക്കാന്‍ ഐസിസിയില്‍ അംഗമായ മറ്റ് രാജ്യങ്ങളുമായും ചർച്ച നടത്തുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ടൂർണമെന്‍റുമായി ബന്ധപ്പെട്ട് ബിസിസിഐക്കൊപ്പം ഇസിബിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും മുന്നോട്ട് പോകുന്ന പക്ഷം ഐസിസിയുടെ അനുമതി കൂടി ആവശ്യമായി വരും. ഐസിസിയുടെ അനുമതി ലഭിച്ചാലെ ടൂർണമെന്‍റ് യാഥാർത്ഥ്യമാകൂ. അതേസമയം ടൂർണമെന്‍റിലെ നാലാമത്തെ രാജ്യം ഏതാണെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.