മാഞ്ചസ്റ്റർ: ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് നിരാശ സമ്മാനിച്ച ദിനമാണ് ഇന്ന്. ലോകകപ്പ് സ്വപ്നം കണ്ട് ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയ ഇന്ത്യ സെമിയില്‍ ന്യൂസിലൻഡിന് മുമ്പില്‍ കീഴടങ്ങി. കിവീസിനെതിരെ നിർണായക മത്സരത്തില്‍ എം എസ് ധോണിയെ അഞ്ചാമനായി ഇറക്കാതിരുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സൗരവ് ഗാംഗുലി.
മത്സരത്തിനിടെ കമന്‍ററി ബോക്‌സില്‍ ഇരുന്നാണ് ഗാംഗുലി തന്‍റെ അതൃപ്തി പ്രകടിപ്പിച്ചത്. ധോണിയെ അഞ്ചാമനായി ഇറക്കാതിരുന്ന തീരുമാനം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. അഞ്ച് റൺസിനിടെ ആദ്യ മൂന്ന് വിക്കറ്റ് വീണപ്പോൾ ധോണിക്ക് മുമ്പായി പന്ത്, കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവർ ക്രീസില്‍ വന്നു. ഇന്ത്യക്കായി പതിനായിരത്തിലേറെ റൺസ് നേടിയൊരു താരത്തെ ഇത്തരം സമ്മർദഘട്ടത്തിലല്ലാതെ പിന്നെ എപ്പോഴാണ് ഇറക്കുക എന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഗാംഗുലി വിമർശിച്ചു. തുടക്കത്തിലെ മൂന്നോ നാലോ വിക്കറ്റുകൾ വീണാല്‍ ധോണിയെ പോലെ പരിചയസമ്പന്നനായ കളിക്കാരെയാണ് ഇറക്കേണ്ടതെന്നും ഗാംഗുലി വ്യക്തമാക്കി. ധോണിക്ക് പകരം അഞ്ചാമനായി ഇറങ്ങിയ ദിനേശ് കാർത്തിക് ശരാശരിക്ക് താഴെയുള്ള പ്രകടനമാണ് കാഴ്ചവച്ചത്. 25 പന്ത് നേരിട്ട കാർത്തിക് ആറ് റൺസ് മാത്രമാണ് നേടിയത്.