ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് രോഗം ബാധിച്ച് മരിച്ച വീട്ടുജോലിക്കാരിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീർ. ആറ് വർഷത്തോളം ഗംഭീറിന്‍റെ വീട്ടിലെ ജോലിക്കാരിയായിരുന്ന സരസ്വതി പാത്രയാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന സരസ്വതിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ഗംഗാ രാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സരസ്വതിയുടെ ഇക്കഴിഞ്ഞ 21-നായിരുന്നു മരിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് ജന്മദേശമായ ഒഡീഷയിലേക്ക് മൃതദേഹം എത്തിക്കാനായില്ല. ഇതേ തുടർന്നാണ് ഗംഭീർ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.
എന്‍റെ കുഞ്ഞുങ്ങളെ പരിചരിച്ചിരുന്ന അവര്‍ ഒരിക്കലും ജോലിക്കാരി മാത്രമല്ലെന്ന് ഗംഭീർ ട്വീറ്റ് ചെയ്‌തു. അവര്‍ എന്‍റെ കുടുംബാംഗമാണ്. അവരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുക എന്നത് എന്‍റെ കടമയാണ്. ജാതി, മതം, സാമൂഹിക പദവി എന്നിവ കണക്കിലെടുക്കാതെ എല്ലായ്‌പ്പോഴും മഹത്വത്തില്‍ വിശ്വസിക്കുക മാത്രമാണ് മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനുള്ള ഏക മാര്‍ഗമെന്നും ഗംഭീർ കുറിച്ചു.
ഒഡീഷയിലെ ജാജ്പൂർ ജില്ലക്കാരിയാണ് അന്തരിച്ച സരസ്വതി പാത്രയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍ ഗംഭീറിനെ അഭിനന്ദിച്ച് രംഗത്ത് വന്നു.