ചെന്നൈ: ഫിറ്റ്നസ് സ്വന്തമാക്കാന്‍ കുറഞ്ഞത് നാലാഴ്‌ചത്തെ പരിശീലനം വേണ്ടിവരുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ദിനേശ് കാർത്തിക്. കൊവിഡ് 19 ലോക്ക്‌ഡൗണ്‍ പശ്ചാത്തലത്തിലാണ് കാർത്തികിന്‍റെ പരാമർശം. വിവിധ ഘട്ടങ്ങളായി പരിശീലനം നടത്തണമെന്നും ആദ്യഘട്ടത്തില്‍ ലഘുവായ പരിശീലന മുറകൾ മാത്രമാണ് സാധ്യമാകുന്നത്. നിലവില്‍ ചെന്നൈയില്‍ ലോക്ക്‌ഡൗണ്‍ ഇളവുകൾ അനുവദിച്ചതിനാല്‍ ചെറിയ രീതിയില്‍ പരിശീലനം പുനരാരംഭിക്കാന്‍ ശ്രമം ആരംഭിച്ചതായും കാർത്തിക് കൂട്ടിച്ചേർത്തു. കൊവിഡ് 19 ലോക്ക്‌ഡൗണിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് കായിക രംഗം സ്‌തംഭിച്ചിരിക്കുകയാണ്.
ഇതേവരെ 152 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച കാർത്തിക് 3176 റണ്‍സ് സ്വന്തമാക്കി. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഏഴ് അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ കാർത്തിക് ഏകദിനത്തില്‍ ഒമ്പത് അർദ്ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിലാണ് ദിനേശ് കാർത്തിക് അന്താരാഷട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്.