നമീബിയ: പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിക്കാൻ ആദ്യമായി വനിത അമ്പയർ. ക്ലാരി പൊളോസാക്ക് എന്ന വനിത അമ്പയറാണ് ഈ ചരിത്രം കുറിക്കാനൊരുങ്ങുന്നത്.
നമീബിയയില്‍ നടക്കുന്ന വേൾഡ് ക്രിക്കറ്റ് ലീഗില്‍ നമീബിയ - ഒമാൻ ഫൈനല്‍ മത്സരമാണ് ക്ലാരി പൊളോസാക്ക് നിയന്ത്രിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാജ്യാന്തര പദവിയുള്ള ഏകദിന മത്സരത്തില്‍ അമ്പയറാകുന്നത്. ക്ലാരി കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് സീസൺ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 2018ലെ ഐസിസി വനിത ടി-20 ലോകകപ്പിന്‍റെ സെമിഫൈനലിലും പൊളോസാക്ക് അമ്പയറായിരുന്നു.
നേരത്തെ എലൂയിസ് ഷെരിദാനും മേരി വാല്‍ഡ്രനും പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ അത് ഫസ്റ്റ് ക്ലാസ് പ്രീമിയർ ക്ലബ് ക്രിക്കറ്റ് മത്സരങ്ങൾ മാത്രമായിരുന്നു. എന്നാല്‍ ആദ്യമായി ഔദ്യോഗിക പദവിയുള്ള ഏകദിനത്തില്‍ വനിത അമ്പയറാകാൻ നറുക്ക് വീണത് ക്ലാരി പൊളോസാക്കാണ്.