എറണാകുളം: ക്രിക്കറ്റ് എന്നും കേരളീയർക്ക് ഒരു ആവേശമാണ്. ഈ ആവേശത്തിന് മാറ്റ് കൂട്ടുകയാണ് എറണാകുളം കലൂർ സ്വദേശി കെ എം വിപിനും സംഘവും. നീല കുപ്പായവും ബാറ്റുമേന്തി ആറടി ഉയരമുളള പ്രതിമകൾ നിർമിച്ച് സോണി ഉൾപ്പെടെയുള്ള കമ്പനികൾക്കായി വിതരണം ചെയ്യുകയാണ് വിപിനും 12 കലാകാരന്മാരും.
ആദ്യം കളിമണ്ണിൽ അളവ് അനുസരിച്ചുളള പ്രതിമകൾ നിർമിക്കും. പിന്നീട് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് ഉണ്ടാക്കി ഫൈബർ നിറയ്ക്കും. 15 ദിവസം കൊണ്ടാണ് ഒരു പൂർണ്ണമായ പ്രതിമ ചായംപൂശി മിനുക്കിയെടുക്കുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന ഫൈബർ പ്രതിമകൾക്ക് 50,000 രൂപ വരെയാണ് വിലയെന്ന് വിപിൻ പറയുന്നു.
12 വർഷമായി കലൂരിൽ പ്രവർത്തിക്കുന്ന അമേയ ആർട്ട് ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചാണ് പ്രതിമയുടെ നിർമാണം പൂർത്തീകരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾ കൂടുതലായതിനാൽ ഈ പ്രതിമകൾക്ക് കൂടുതൽ ആവശ്യക്കാർ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നും വിപിൻ പറയുന്നു. 20 അടി വലിപ്പമുള്ള തുമ്പിയെയും, 2014 ൽ മറൈൻഡ്രൈവിൽ ഇന്ത്യ ഗേറ്റും, കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിന് ജർമൻ താരങ്ങളുടെ പൂർണമായ പ്രതിമ നിർമിച്ചും കലൂരിലെ അമേയ ആർട്ട് ശ്രദ്ധ നേടിയിരുന്നു.