സിഡ്നി: 2019 ക്രിക്കറ്റ് ലോകകപ്പിലെ വിജയിയെ പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗ്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു.
ലോകകപ്പിന് മുമ്പ് തന്നെ ഇംഗ്ലണ്ട് തകർപ്പൻ ഫോമിലാണ്. പാകിസ്ഥാനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കുന്നുവെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും ശക്തമായ ടീമാണെങ്കിലും വിജയസാധ്യത ഇംഗ്ലണ്ടിനാണെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമില്‍ തിരിച്ചെത്തിയത് ഓസ്ട്രേലിയക്ക് കരുത്തേകും. അതേസമയം വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീം സന്തുലിതമാണെന്നും പോണ്ടിംഗ് പറഞ്ഞു. ലോകകപ്പില്‍ ഓസ്ട്രേലിയക്ക് രണ്ട് കിരീടങ്ങൾ നേടിക്കൊടുത്ത നായകനാണ് റിക്കി പോണ്ടിംഗ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പ് മെയ് 30 മുതലാണ് ആരംഭിക്കുന്നത്.