ലാഹോര്‍: ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ജൂണ്‍ 28-ന് പുറപ്പെടും. 29 അംഗ സംഘമാണ് ഇംഗ്ലണ്ടിലേക്ക് പോവുകയെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പാകിസ്ഥന്‍ ക്രിക്കറ്റ് ടീം പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടെസ്റ്റും ടി20യും ഇംഗ്ലണ്ടില്‍ കളിക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ സംഘം 14 ദിവസം ഇംഗ്ലണ്ടില്‍ ക്വാറന്റയിനില്‍ കഴിയും. ക്വാറന്‍റൈയിന്‍ കാലയളവില്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അനുവാദമുണ്ടാകും. അതേസമയം പര്യടനത്തിന്‍റെ ഭാഗമാകുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയൈബ് മാലികിന് പിസിബി ഇളവ് അനുവദിച്ചിട്ടുണ്ട്. ഷൊയൈബ് ജൂലൈ 24-ന് ടീമിനൊപ്പം ചേര്‍ന്നാല്‍ മതിയാകും. ഇന്ത്യയിലുള്ള ഭാര്യയെയും മകനെയും കാണാനാണ് അദ്ദേഹത്തിന് ഇളവ് അനുവദിച്ചത്.
കൊവിഡ് 19-നെ തുടര്‍ന്ന് സ്തംഭിച്ച ക്രിക്കറ്റ് ലോകം ഇംഗ്ലണ്ട് പര്യടനങ്ങളോടെയാണ് സജീവമാകുന്നത്. ആദ്യമായി ഇംഗ്ലണ്ട് പര്യടനം നടത്തുന്നത് വെസ്റ്റ് ഇന്‍ഡീസ് ടീമാണ്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് വിന്‍ഡീസ് ടീം ഇംഗ്ലണ്ടില്‍ കളക്കുക. പരമ്പരയിലെ ആദ്യ മത്സരത്തിന് സതാംപ്റ്റണില്‍ ജൂലൈ എട്ടിന് തുടക്കമാകും. പരമ്പരക്കായി വിന്‍ഡീസ് ടീം ഇതിനകം ഇംഗ്ലണ്ടില്‍ എത്തിക്കഴിഞ്ഞു.