വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച വിജയം. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഇംഗ്ലണ്ട് പരമ്പര നേരത്തെ കൈവിട്ടിരുന്നു. എങ്കിലും വെസ്റ്റ് ഇൻഡീസിൽ ഒരു വിജയവുമായി ഇംഗ്ലണ്ടിന് മടങ്ങാം.
സെയിന്റ് ലൂസിയയില്‍ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് 232 റണ്സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിലാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനെ 252 റണ്‍സിനു പുറത്താക്കിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്സണും, മോയിന്‍ അലിയും മൂന്ന് വിക്കറ്റും, ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.
റോഷ്ടണ്‍ ചേസ് വിൻഡീസിനായി പൊരുതിയെങ്കിലും മുൻനിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതാണ് വിന്‍ഡീസിന്‍റെ തോൽവിക്ക് കാരണം. വാലറ്റത്തില്‍ കെമര്‍ റോച്ചും(29), അല്‍സാരി ജോസഫും(34) ചേസിനൊപ്പം പ്രതിരോധിച്ചതാണ് ആതിഥേയരെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്. 102 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു റോഷ്ടണ്‍ ചേസ്. നേരത്തെ വിന്ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 154 റണ്‍സില്‍ അവസാനിച്ചിരുന്നു.
ജോ റൂട്ട്(122), ജോസ് ബട്‍ലര്‍(56), ജോ ഡെന്‍ലി(69), ബെന്‍ സ്റ്റോക്സ്(48) എന്നിവരുടെ രണ്ടാം ഇന്നിംഗ്സിലെ മികവാണ് 361/5 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിംഗ്സില്‍ 277 റണ്‍സാണ് ഇംഗ്ലീഷ് ടീം നേടിയത്.