ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ 2000ത്തിലെ ക്രിക്കറ്റ് വാതുവയ്പ്പ് കേസിലെ മുഖ്യപ്രതി സഞ്ജീവ് ചൗളയെ ഡല്‍ഹി ഹൈക്കോടതി 12 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുധീർ കുമാർ സിറോഹിയുടെതാണ് ഉത്തരവ്. പ്രതിയെ 14 ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ക്കായി സഞ്ജീവിനെ കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. 20 വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യെ ഉള്‍പ്പെട്ട വാതുവയ്പ്പ് കേസ് ക്രിക്കറ്റ് ലോകത്തെ വന്‍ വിവാദത്തിലേക്കാണ് തള്ളിയിട്ടത്. എന്നാല്‍ 2002-ല്‍ നടന്ന വിമാന അപകടത്തില്‍ ക്രോണിയ കോല്ലപ്പെട്ടു. നേരത്തെ ക്രോണ്യെ മത്സരം തോല്‍ക്കാനായി പണം കൈപ്പറ്റിയതായും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.