ഇസ്ലാമാബാദ്: ഒത്തുകളിയെ തുടർന്ന് വിലക്ക് നേരിടുന്ന ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനോട് സഹായം തേടി. തന്‍റെ ജീവിത സാഹചര്യം മോശമാണെന്ന് ഡാനിഷ് പ്രധാമന്ത്രിയെ അറിയിച്ചു.
പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉൾപ്പെടെ എല്ലാ പാകിസ്ഥാന്‍ ഇതിഹാസ താരങ്ങളുടെയും സഹായം തനിക്ക് ആവശ്യമാണ്. പാക്കിസ്ഥാനിലെയും മറ്റ് രാജ്യങ്ങളിലെയും ക്രിക്കറ്റ് അസോസിയേഷനുകൾ തന്നെ കുഴപ്പത്തിലാക്കുകയാണ്. തന്നെ രക്ഷിക്കണമെന്നും താരം ആവശ്യപ്പെട്ടു.
നേരത്തെ പാക്ക് താരം ഷുഹൈബ് അക്തർ തന്നെ കുറിച്ച് നടത്തിയ വെളിപ്പടുത്തലുകളുടെ പശ്ചാത്തലത്തില്‍ കനേറിയ അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തി. ഹിന്ദുവായതിനാല്‍ സഹതാരങ്ങൾ കനേറിയയോട് മോശമായി പെരുമാറിയെന്നാണ് അക്തർ വെളിപ്പെടുത്തിയത്. ഓണ്‍ ഗെയിം എന്ന ഷോയിലായിരുന്നു മുന്‍ പാകിസ്ഥാന്‍ പേസ് ബോളറുടെ വിവാദ വെളിപ്പെടുത്തല്‍. ഒരേ മേശയില്‍ നിന്ന് ഭക്ഷണം എടുക്കാൻ പോലും ഡാനിഷിനെ ടീം അംഗങ്ങൾ അനുവദിച്ചിരുന്നില്ലെന്ന് അക്തർ പറഞ്ഞു.
നേരത്തെ താരം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ എക്‌സസിനു വേണ്ടി കളിക്കുമ്പോൾ ഒത്തുകളിക്ക് പിടിക്കപെട്ടിരുന്നു. 2009-ലെ വിവാദത്തെ തുടർന്ന്
താരം ശിക്ഷ അനുഭവിക്കുകയും ചെയ്‌തു. താന്‍ ഒത്തുകളിച്ചതായി കനേറിയ പിന്നീട് സമ്മതിച്ചിരുന്നു. അതേസമയം ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ പാകിസ്ഥാനിലെ നിരവധി പേരെ കനേറിയ സമീപിച്ചിരുന്നു. 61 ടെസ്റ്റുകളില്‍ നിന്നായി 261 വിക്കറ്റുകൾ വീഴ്ത്തിയ കനേറിയ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ അഞ്ച് പാക് താരങ്ങളില്‍ ഒരാളാണ്. ഒത്തുകളി വിവാദത്തെ തുടർന്ന് 2009-ലാണ് കനേറിയയുടെ കരിയർ അവസാനിച്ചത്. അനില്‍ ദല്‍പതിന് ശേഷം പാക് ക്രിക്കറ്റ് ടീമിലെത്തിയ ഹിന്ദുമത വിശ്വാസിയാണ് ഡാനിഷ് കനേറിയ.