സിഡ്നി: ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഓസീസ് ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സാണെന്ന് മുന്‍ ക്യാപ്റ്റന്‍ മൈക്കൽ ക്ലാർക്ക്. ഓസീസ് ദേശീയ ടീമിനെ വീണ്ടും നയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് ക്ലാര്‍ക്കിന്‍റെ പ്രതികരണം. നിലവില്‍ ടീമിന്‍റെ വെെസ് ക്യാപ്റ്റനാണ് കമ്മിന്‍സ്.
"പാറ്റ് കമ്മിൻസിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളും കളിക്കാൻ കഴിവുള്ളവനും ശക്തനുമാണെന്ന് താനെന്ന് കമ്മിന്‍സ് നമുക്ക് കാട്ടിത്തരുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം അത് മനോഹരമായി ചെയ്യുന്നുണ്ട്. ന്യൂ സൗത്ത് വെയിൽസിനെ വളരെ തന്ത്രപരമായാണ് കമ്മിന്‍സ് നയിച്ചത്. അദ്ദേഹം വളരെ നല്ലവനാണ്" ക്ലാര്‍ക്ക് പറഞ്ഞു.
"അതെ, അവൻ ചെറുപ്പക്കാരനും ഒരു ക്യാപ്റ്റനെന്ന നിലയില്‍ അനുഭവപരിചയമില്ലാത്തവനുമാണ്, പക്ഷെ അദ്ദേഹത്തിന് ചുറ്റും നല്ല സീനിയർ കളിക്കാരുണ്ടാകും, അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം മൂന്ന് ഫോർമാറ്റുകളിലും ശരിയായ സമയത്ത് നേതൃത്വം ഏറ്റെടുക്കുന്നതിനുള്ള അനുയോജ്യനായ വ്യക്തിയാണ് പാറ്റ് കമ്മിൻസ്" ക്ലാര്‍ക്ക് പ്രതികരിച്ചു.
നിലവില്‍ ഓസീസിന്‍റെ ടെസ്റ്റ്, ഏകദിന ടീമുകളെ ടിം പെയ്നും ടി20 ടീമിനെ ആരോൺ ഫിഞ്ചുമാണ് നയിക്കുന്നത്. നാട്ടില്‍ ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പര നഷ്ടം ക്യാപ്റ്റനെന്ന നിലിയില്‍ ടിം പെയ്നെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ക്യാപ്റ്റന്‍സിയില്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്മിത്ത് രംഗത്തെത്തിയത്.
എന്നാല്‍ സ്മിത്തിന് മറുപടിയുമായി മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദേശീയ ടീം സുരക്ഷിതമായ കരങ്ങളിലാണെന്നും സമീപ ഭാവിയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിവ് വരില്ലെന്നുമായിരുന്നു ജസ്റ്റിൻ ലാംഗറിൻറെ പ്രതികരണം. 'ഞങ്ങൾക്ക് മികച്ച രണ്ട് ക്യാപ്റ്റന്മാരുണ്ട്. വളരെ പ്രധാന്യം അർഹിക്കുന്ന രണ്ട് ടൂർണമെൻറുകളാണ് ഇനി വരാനിരിക്കുന്നത്. ടി20 ലോകകപ്പും ആഷസ് പരമ്പരയും. ഭാവി മികച്ചതായാണ് കാണുന്നത്' ജസ്റ്റിൻ ലാംഗർ പറഞ്ഞു.