ലണ്ടൻ: കൊവിഡ് 19-ന് ഭീതിയിലും ടെസ്റ്റ് മത്സരങ്ങൾ മുടങ്ങാതിരിക്കാന്‍ പകരക്കാരെ അനുവദിക്കാന്‍ ഒരുങ്ങി ഐസിസി. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട് എന്നാകും ഈ പകരക്കാർ അറിയപ്പെടുക. ടെസ്റ്റ് മത്സരങ്ങൾക്കിടെ കളിക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചാല്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ പോലെ ഈ പകരക്കാനെ കളിക്കാന്‍ അനുവദിക്കും. പകരക്കാരെ അനുവദിക്കുന്ന കാര്യം ഐസിസിയുടെ പരിഗണനയിലുണ്ടെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്‍റെ സ്പെഷൽ പ്രോജക്ട് ഡയറക്ടകർ സ്റ്റീവ് എൽവർത്തി വെളിപ്പെടുത്തി. എല്‍വർത്തിയെ പരാമർശിച്ച് കൊണ്ട് സ്‌കൈ സ്‌പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഐസിസിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഐസിസിയുടെ പരിഗണനയിലുള്ള നിയമപ്രകാരം നിലവില്‍ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്ന മാതൃകയിലാകും കൊവിഡ് 19 സബ്സ്റ്റിറ്റ്യൂട്ടിനെയും അനുവദിക്കുക. നിയമം ബാധകമാകുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഓരോ ദിവസവും വൈറസ് ടെസ്റ്റ് നടത്തും. എന്നാല്‍ നിശ്ചിത ഓവർ ക്രിക്കറ്റില്‍ ഇത്തരത്തില്‍ പകരക്കാരെ അനുവദിക്കാന്‍ സാധ്യത കുറവാണ്.
പകരക്കാരെ അനുവദിക്കാന്‍ ഐസിസി തീരുമാനിച്ചാല്‍ അടുത്തിടെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് വെസ്റ്റ്ഇന്‍ഡീസ് മത്സരത്തില്‍ നിയമം നടപ്പാകും. ആദ്യ മത്സരം ജൂലൈ എട്ടിന് സതാംപ്‌റ്റണില്‍ നടക്കുമ്പോൾ രണ്ടും മൂന്നും മത്സരങ്ങൾക്ക് ഓൾഡ് ട്രാഫോഡ് വേദിയാകും. ജൂണ്‍ 16, 24 തീയതികളിലാണ് യഥാക്രമം രണ്ടും മൂന്നും ടെസ്റ്റ് മത്സരങ്ങൾ നടക്കുക. നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കിടെ ഏതെങ്കിലും താരത്തിന് കോവിഡ് സ്ഥിരീകരിച്ചാൽ ഓൺസൈറ്റ് കൊവിഡ് മെഡിക്കൽ ഓഫീസറെയും ഇംഗ്ലണ്ടിന്‍റെ പബ്ലിക് ഹെൽത്ത് വിഭാഗത്തെയും അടിയന്തരമായി വിവരമറിയിക്കുമെന്ന് സ്റ്റീവ് എൽവർത്തി പറഞ്ഞു. തുടർന്ന് വൈറസ് സ്ഥിരീകരിച്ച കളിക്കാരനെ നിശ്ചിത കാലത്തേക്ക് ഐസൊലേഷനിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.