കേപ്പ് ടൗണ്‍: കൊവിഡ് ഭീതിയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് സെല്‍ഫ് ഐസൊലേഷനില്‍ കഴിയാന്‍ നിർദ്ദേശം. ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് താരങ്ങളോട് ഇക്കാര്യം നിർദ്ദേശിച്ചത്. ചുരുങ്ങിയത് 14 ദിവസമെങ്കിലും ഐസൊലേഷനില്‍ കഴിയണമെന്നാണ് നിർദ്ദേശം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഈ സമയത്ത് കാണുകയാണെങ്കില്‍ വേണ്ട ചികിത്സ ലഭ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി നടക്കാനിരുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കൊവിഡ് 19 ഭീതിയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ധരംശാലയില്‍ നടന്ന ആദ്യ മത്സരം മഴ കാരണവും ശേഷിക്കുന്ന മത്സരങ്ങൾ കൊവിഡ് ഭീതിയെ തുടർന്നും ഉപേക്ഷിച്ചു. പര്യടനം ഉപേക്ഷിച്ചതോടെ ഇന്നാണ് 16 അംഗ ടീം ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയത്.
പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം പിന്നീട് ബിസിസിഐയും ക്രിക്കറ്റ് സൗത്താഫ്രിക്കയും ചേർന്ന് നടത്തിയ യോഗത്തില്‍ മത്സരം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.
അതേസമയം ഇന്ത്യയില്‍ ഇതിനകം 147 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ലോകത്ത് ഉടനീളം ഇതിനകം 7,500 പേർ വൈറസ് ബാധിച്ച് മരിച്ചെന്നും 1,85,000 പേർ വൈറസ് ബാധിച്ച് ചികിത്സയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.